സര്‍ക്കാര്‍ ജോലിയിലെ സാമുദായിക പ്രാതിനിധ്യം: അസമത്വത്തിന്റെ ഭീകരത വ്യക്തമാക്കുന്നു-തുളസീധരന്‍ പള്ളിക്കല്‍

Update: 2024-07-03 10:57 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക രേഖ സാമൂഹിക അസമത്വത്തിന്റെ ഭീകരത വ്യക്തമാക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. ജനസംഖ്യാനുപാതം മറികടന്ന് സര്‍ക്കാര്‍ ജോലിയില്‍ മുച്ചൂടും കൈയടക്കി വച്ചിരിക്കുന്നത് മുന്നാക്ക വിഭാഗങ്ങളാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജോലിയിലെ സാമുദായിക പ്രാതിനിധ്യ കണക്ക് കേരളത്തെ ലജ്ജിപ്പിക്കുന്നതും നാളിതുവരെ ഭരിച്ച മുന്നണികളും പാര്‍ട്ടികളും ഈ കടുത്ത അനീതിക്ക് ഉത്തരവാദികളുമാണ്. മുസ് ലിം സമൂഹം അനര്‍ഹമായി എല്ലാം കൈയടക്കുന്നുവെന്ന പല കോണുകളില്‍ നിന്നുമുള്ള വ്യാജ പ്രചാരണങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയാണിത്.

    ആകെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലുള്ള 5,45,423 പേരില്‍ 1,96,837 പേരും മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതില്‍ 1,08,012 പേര്‍ നായര്‍ അനുബന്ധ സമുദായത്തില്‍ നിന്നുള്ളവരാണ്. 73,774 ആണ് മുസ് ലിം സമൂഹത്തിന്റെ പ്രാതിനിധ്യം. 28 ശതമാനത്തിലധികം വരുന്ന മുസ്്‌ലിം സമൂഹത്തിന്റെ പ്രാതിനിധ്യം കേവലം 13.51 ശതമാനമായിരിക്കുമ്പോള്‍ അതില്‍ പകുതിയില്‍ താഴെ മാത്രം ജനസംഖ്യമുള്ള നായര്‍ വിഭാഗം 19.8 ശതമാനവും കൈയടക്കി വച്ചിരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ജാതി സെന്‍സസിനെ ഭയക്കുന്നതിന്റെ അടിസ്ഥാന കാരണം കൂടി ഇതോടെ ബോധ്യമാവുകയാണ്.

    മുസ് ലിം സമൂഹത്തിന്റെ തന്നെ മൂന്നിലൊന്നു മാത്രം വരുന്ന മുന്നാക്ക ക്രൈസ്തവര്‍ക്ക് അതേ പ്രാതിനിധ്യമായ 13.51 ശതമാനം ലഭിക്കുന്നുവെന്നത് മുന്നാക്ക പ്രീണനമല്ലാതെ മറ്റൊന്നുമല്ല. 20 ലക്ഷത്തോളം വരുന്ന പരിവര്‍ത്തിത ക്രൈസ്തവരെ പ്രതിനിധീകരിച്ച് കേവലം 2399 പേര്‍ മാത്രമാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളത് എന്നത് ലജ്ജാകരമാണ്. ഒബിസി വിഭാഗത്തില്‍ നിന്ന് 2,85,335 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. എസ് സി വിഭാഗത്തില്‍ നിന്നു 51,783 പേരും എസ് ടി വിഭാഗത്തില്‍ നിന്ന് 10,513 പേരും മാത്രമാണ് സര്‍ക്കാര്‍ ജീവനക്കാരായുള്ളത്. ഈഴവ, എസ് സി, എസ് ടി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. കാലങ്ങളായി തുടരുന്ന സംവരണ വിരുദ്ധ പ്രചാരണത്തിന്റെയും ന്യൂനപക്ഷ സമുദായം അനര്‍ഹമായി അവസരങ്ങള്‍ തട്ടിയെടുക്കുന്നു തുടങ്ങിയ വിദ്വേഷ പ്രചാരണത്തിന്റെയും മുനയൊടിക്കുന്നതാണ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖ. കൂടാതെ യാതൊരു സ്ഥിതി വിവരക്കണക്കുകളുടെയും പിന്‍ബലമില്ലാത്തെ മുന്നാക്ക പ്രീണനത്തിനായി സവര്‍ണ സംവരണം നടപ്പാക്കിയവരുടെ ദുഷ്ടലാക്കും തിരിച്ചറിയണം. കടുത്ത അനീതിയും അസമത്വവും വിവേചനവും ഈ സര്‍ക്കാര്‍ രേഖയില്‍ വ്യക്തമാവുമ്പോള്‍ അടിയന്തരമായി ജാതി സെന്‍സസ് നടപ്പാക്കി ഇതിന് പരിഹാരം കാണേണ്ട ഉത്തരവാദിത്വം ഇടതു സര്‍ക്കാരിനുണ്ടെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി.

Tags: