യാത്രാവിലക്ക്: ഇന്‍ഡിഗോയില്‍ നിന്ന് 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുനാല്‍ കംറ

കമ്പനി നിരുപാധികം ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കംറ നോട്ടീസ് അയച്ചിരിക്കുന്നത്. ആറു മാസത്തെ വിലക്കാണ് കംറയ്ക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Update: 2020-02-01 10:18 GMT

മുംബൈ: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുവെന്ന് ആരോപിച്ച് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെുള്ള നോട്ടീസ് അയച്ച് കോമേഡിയന്‍ കുനാല്‍ കംറ. കമ്പനി നിരുപാധികമായി ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കംറ നോട്ടീസ് അയച്ചിരിക്കുന്നത്. ആറു മാസത്തെ വിലക്കാണ് കംറയ്ക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

താന്‍ അനുഭവിക്കുന്ന 'മാനസിക വേദനയ്ക്കും സംഘര്‍ഷങ്ങള്‍ക്കുമാണ്' 25 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെയും പത്രദൃശ്യമാധ്യമങ്ങളിലൂടെയും തന്നോട് മാപ്പ് പറയണമെന്നും കമ്ര നോട്ടീസില്‍ ആവശ്യപ്പെട്ടു.ഇതിനായി തന്നെ പിന്തുണക്കണെമന്നും കുനാല്‍ ട്വീറ്റില്‍ ആഭ്യര്‍ത്ഥിച്ചു.

ജനുവരി 28നാണ് മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയോട് വിമാനത്തില്‍ കംറ ചോദ്യം ചെയ്ത്. കുനാല്‍ കംറ പോസ്റ്റുചെയ്ത വീഡിയോയില്‍ നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കുനാല്‍ കംറ ചോദിച്ചത്. കൂടാതെ അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു കംറയുടെ പരിഹാസം. ഇന്‍ഡിഗോക്ക് പിന്നാലെ എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളും കമ്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഡിഗോയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തെത്തിയിരുന്നു.

 

Tags: