കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ റാലിക്ക് വിലക്ക്

Update: 2023-11-13 09:15 GMT

കോഴിക്കോട്: കോഴിക്കോട്ട് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടത്തിന്റെ വിലക്ക്. കടപ്പുറത്തെ വേദി നല്‍കാനാവില്ലെന്ന് കാണിച്ചാണ് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. നവംബര്‍ 23നാണ് കോണ്‍ഗ്രസ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്താന്‍ തീരുമാനിച്ചത്. ഇതേ വേദിയില്‍ 24, 25, 26 തിയ്യതികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് നടക്കുന്നുണ്ട്. ഇക്കാരണം പറഞ്ഞാണ് വേദി നിഷേധിച്ചതെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. നവകേരളാ സദസ്സിനു വേണ്ടി വേദി ഒരുക്കേണ്ടതിനാല്‍ കടപ്പുറത്ത് വേദി നല്‍കാനാവില്ലെന്നാണ് ജില്ലാ കലക്ടര്‍ അറിയിച്ചത്. അത് ഒഴിച്ചുള്ള ബാക്കി സ്ഥലം കോണ്‍ഗ്രസിന് ഉപയോഗിക്കാമെന്നാണ് കലക്ടറുടെ നിര്‍ദേശമെന്നാണ് റിപോര്‍ട്ട്.

    മുസ് ലിം ലീഗിനും സിപിഎമ്മിനും പിന്നാലെയാണ് ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. കോഴിക്കോട് എംപി എം കെ രാഘവന്‍ ചെയര്‍മാനും ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കിയിരുന്നു.

Tags:    

Similar News