അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കി

കൊവിഡ് കാലത്ത് സ്‌കൂള്‍ അടച്ചിട്ട വേളയിലാണ് ആദ്യ പീഡനം നടന്നത്.

Update: 2021-11-13 14:24 GMT

കോയമ്പത്തൂര്‍: അധ്യാപകന്റെ നിരന്തര പീഡനത്തെതുടര്‍ന്ന് പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി. അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പോക്‌സോ കേസ് ചുമത്തി കോയമ്പത്തൂരിലെ ചിന്‍മയ വിദ്യാലയത്തിലെ 31കാരനായ അധ്യപകന്‍ മിഥുന്‍ ചക്രവര്‍ത്തിയെ പോലിസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടിയുമായി അധ്യാപകന്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് പോലിസ് കണ്ടെടുത്തു. ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

മിഥുന്‍ ചക്രവര്‍ത്തിയും പെണ്‍കുട്ടിയും തമ്മില്‍ നടത്തിയ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ആണ് ചോര്‍ന്നത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യമാണ് ഓഡിയോയില്‍ പറയുന്നത്. ഇക്കാര്യം പറഞ്ഞ് അധ്യാപകന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ഫോണ്‍ സംഭാഷണം സംബന്ധിച്ചും പോലിസ് അന്വേഷിക്കുന്നുണ്്. ആര്‍എസ് പുരം വനിതാ പോലിസിനാണ് അന്വേഷണ ചുമതല. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം മിഥുന്‍ ചക്രവര്‍ത്തിക്കെതിരേ കേസെടുത്തിട്ടുണ്ട്.

ആറ് മാസം മുമ്പാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് മാതാവ് ആരോപിക്കുന്നു. സ്‌കൂള്‍ മാറണമെന്ന് പെണ്‍കുട്ടി നിരന്തരം വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. സെപ്തംബറിലാണ് സ്‌കൂള്‍ മാറ്റിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മിഥുന്‍ ചക്രവര്‍ത്തിയും സ്‌കൂള്‍ വിട്ടു. പെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് സുഹൃത്തും പറയുന്നു. കൊവിഡ് കാലത്ത് സ്‌കൂള്‍ അടച്ചിട്ട വേളയിലാണ് ആദ്യ പീഡനം നടന്നത്. സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തുകയും ചെയ്തു.

അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യയും ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. അവര്‍ക്കും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ക്കും സംഭവം അറിയാം. എന്നാല്‍ നടപടി എടുത്തില്ലെന്നും സുഹൃത്ത് പറഞ്ഞു. പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയാണ് മാനേജ്‌മെന്റ് സംസാരിച്ചതത്രെ. ഈ വിവരം ലഭിച്ചതോടെ പ്രിന്‍സിപ്പലിനെതിരേയും പോക്‌സോ പ്രകാരം കേസെടുത്തു. അധ്യാപകനെയും മറ്റു രണ്ടുപേരെയും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. പീഡനം വിവരം ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും സ്‌കൂള്‍ മാറുന്നത് സാമ്പത്തികമില്ലാത്തതിനാലാണെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞതെന്നും മാനേജ്‌മെന്റ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News