കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി; പ്രവര്‍ത്തകര്‍ ജില്ലാ ഓഫിസ് ഉപരോധിക്കുന്നു

Update: 2022-02-20 06:25 GMT

-പിസി അബ്ദുല്ല

കാസര്‍കോട്: കാസര്‍കോട് ബിജെപിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരേ രൂക്ഷ മുദ്രാവാക്യങ്ങളുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫിസ് ഉപരോധിക്കുകയാണ്. പ്രശ്‌നത്തില്‍ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടില്ല.

ജില്ല കമ്മിറ്റിയിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നതിന് പിന്നാലെയാണ് പ്രദേശിക നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ജില്ലാ, സംസഥാന നേതൃത്വത്തിനെതിരേ രംഗത്തു വന്നത്.

ജില്ല നേതൃത്വവുമായി ഇടഞ്ഞ് വൈസ് പ്രസിഡന്റും കാസര്‍കോട് നഗരസഭാംഗവുമായ പി രമേശന്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റു ചില നേതാക്കളും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

കുറേ മാസങ്ങളായി ബിജെപി ജില്ല കമ്മിറ്റിയില്‍ ഉടലെടുത്ത വിഭാഗീയതയുടെ തുടര്‍ച്ചയാണ് പുതിയ സംഭവ വികാസങ്ങള്‍. കുമ്പള ഗ്രാമപഞ്ചായത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ നേതാക്കള്‍ പല തട്ടിലാണ്. കഴിഞ്ഞ ദിവസം കേളുഗുഡെയില്‍ ബിജെപിയിലെ ഇരുഗ്രൂപ്പുകളും ഏറ്റുമുട്ടുകയും ഒരു പ്രവര്‍ത്തകന് കുത്തേല്‍ക്കുകയും ചെയ്തിരുന്നു. സൈനുല്‍ ആബിദ് വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ജെപി കോളനിയിലെ ജ്യോതിഷ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. പ്രശ്‌നത്തില്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ടില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

ഇത്തരം വിഷയങ്ങളിലൊന്നും നേതാക്കള്‍ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഒരുവിഭാഗം ഉന്നയിക്കുന്നത്. എന്നാല്‍, രാജിസംബന്ധിച്ചുള്ള ചോദ്യങ്ങളോട് കെ സുരേന്ദ്രനുള്‍പ്പെടെ പ്രതികരിച്ചിട്ടില്ല. ഇന്ന് കെ സുരേന്ദ്രന്‍ കാസര്‍കോട് എത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കുകയായിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ ഇന്ന് രാവിലെ കാസര്‍കോട്ടെ പരിപാടികള്‍ റദ്ദാക്കുകയാണെന്ന് സുരേന്ദ്രന്റെ ഓഫിസ് അറിയിക്കുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തുവന്നു.

Tags:    

Similar News