പൗരത്വ ബില്‍ ഇന്ന് രാജ്യസഭയില്‍; പ്രതിഷേധം കടുപ്പിച്ച് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മൂസ്ലിംകളല്ലാത്ത ആറു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പൗരത്വം അനുവദിക്കുന്ന വിവാദ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്.

Update: 2019-02-12 01:39 GMT

ന്യൂഡല്‍ഹി: വിവാദ പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മൂസ്ലിംകളല്ലാത്ത ആറു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു പൗരത്വം അനുവദിക്കുന്ന വിവാദ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കാണ് ബില്‍ പ്രയോജനപ്പെടുക. വ്യക്തമായ രേഖകളില്ലെങ്കിലും ഇവര്‍ക്ക് പൗരത്വം ലഭിക്കും. ബില്‍ ഭരണഘടനയ്ക്ക് എതിരാണെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. 2014ല്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വ ബില്‍.

കഴിഞ്ഞ മാസം എട്ടിനാണ് കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും കടുത്ത പ്രതിഷേധങ്ങള്‍ മറികടന്നാണ് ബില്ല് ലോക്‌സഭ പാസാക്കിയത്.അതേസമയം, ബില്‍ രാജ്യസഭയില്‍ പാസാക്കിയാല്‍ മാത്രമേ നിയമപരമായി നിലനില്‍ക്കുകയുള്ളൂ. എന്നാല്‍ രാജ്യസഭയില്‍ എന്‍എഡിഎയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്ല് പരാജയപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അസം സന്ദര്‍ശനത്തിനിടെ വിവാദ ബില്ലുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍ വന്‍ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. നൂറുകണക്കിനു പേരാണ് കരിങ്കൊടി കാണിച്ചും മോദി തിരിച്ചു പോവണമെന്നാവശ്യപ്പെട്ടും തെരുവിലിറങ്ങിയത്.

കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പൗരത്വ രജിസ്‌ട്രേഷന്‍ ബില്‍ പാസാക്കാന്‍ തീരുമാനിച്ചതിനെതിരെ തായ് അഹോം യുബ പരീഷദ് ആസാമില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസം ഗണ പരീഷത്ത് ബിജെപി സഖ്യം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ബില്‍ വടക്കുകിഴക്കല്‍ സംസ്ഥാനങ്ങള്‍ക്കു ദോഷകരമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനത്തിനിടെ വ്യക്തമാക്കിയിരുന്നു. വ്യക്തമായ അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെയും മാത്രമേ നിയമം നടപ്പാക്കുകയുളളൂവെന്നുമാണ് മോദി അവകാശപ്പെട്ടത്.

Tags:    

Similar News