'ലൗ ജിഹാദു' മായി സഭ വീണ്ടും; പൗരത്വ നിഷേധ വിരുദ്ധ പ്രക്ഷോഭം അട്ടിമറിക്കാനുള്ള ഗൂഡാലോചന

സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.

Update: 2020-01-15 05:59 GMT

പി സി അബ്ദുല്ല

കോഴിക്കോട്: സീറോ മലബാര്‍ സഭയുടെ പുതിയ 'ലൗജിഹാദ്' ആരോപണത്തിനു പിന്നില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലെന്ന് സൂചന. സഭക്കകത്തും പുറത്തും ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചരിയെ സ്വാധീനിച്ച് ബിജെപി നടത്തിയ നീക്കങ്ങളാണ് സീറോ മലബാര്‍ സഭാ സിനഡിന്റെ പുതിയ രംഗ പ്രവേശത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.

കേരളത്തിലെ പൗരത്വ ബില്‍ പ്രതിഷേധങ്ങളെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണ് പുതിയ ലൗജിഹാദ് ആരോപണത്തിനു പിന്നിലെന്ന് വ്യക്തം. രാജ്യത്തു നടക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ കത്തുന്ന പ്രതിഷേധങ്ങളും സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളും നിലവിലിരിക്കെ ഇന്നലെയാരംഭിച്ച സീറോ മലബാര്‍ സഭ സിനഡിന്റെ സന്ദേശമായി ലൗജിഹാദ് ആരോപണം മാത്രമാണ് പുറത്തുവന്നതെന്നത് ഗൂഡാലോചന വ്യക്തമാക്കുന്നു. പൗരത്വ ബില്ലിനെതിരായ പ്രതിഷേധങ്ങളോട് പൊതുവെ പുറം തിരിഞ്ഞു നിന്ന ക്രൈസ്തവ സഭകളെ 'ലൗജിഹാദി'ന്റെ പേരില്‍ രംഗത്തിറക്കി മുസ്‌ലിം വിരുദ്ധ ധ്രുവീകരണമുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങളാണ് മറനീങ്ങുന്നത്.

ബിജെപിയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ ന്യൂനപക്ഷകമ്മീഷന്‍ വൈസ് ചെയര്‍മാനുമായ ജോര്‍ജ്കുര്യന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയ ഒരു കത്തിന്റെ ചുവടു പിടിച്ചാണ് സീറോ മലബാര്‍ സഭ സിനഡ് 'ലൗജിഹാദ്' ആരോപണവുമായി രംഗത്തു വന്നത്. ഹിന്ദു ഐക്യ വേദിയുമായും ഹിന്ദു ഹെല്‍പ് ലൈനിന് സമാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ ഹെല്‍പ് ലൈനുമായും അടുത്ത ബന്ധമുള്ള കുര്യന്‍, കാലങ്ങളായി ഉന്നയിക്കപ്പെടുന്നതും പോലിസും കോടതികളും നിരവധി തവണ തള്ളിക്കളഞ്ഞതുമായ കഥകളാണ് 'ലൗജിഹാദ്' ആരോപണങ്ങളായുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കത്ത് നല്‍കിയത്. ഈ ആരോപണങ്ങള്‍ തന്നെയാണ് സീറോ മലബാര്‍ സഭാ സിനഡ് ഇന്നലെ ആവര്‍ത്തിച്ചതും. ജോര്‍ജ് കുര്യന്റെ 'ലൗ ജിഹാദ്' ആരോപണം തള്ളി കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള ക്രിസ്തു ജ്യോതി പ്രൊവിന്‍സിന് കീഴില്‍ ഡല്‍ഹിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന 'ഇന്ത്യന്‍ കറന്റസ് 'എന്ന ഇംഗ്ലീഷ് വാരിക രംഗത്തു വന്നിരുന്നു. കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദിന് വിധേയമാക്കുന്നുവെന്ന പ്രചാരണങ്ങളില്‍ വസ്തുതയില്ലെന്നാണ് കഴിഞ്ഞ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വാരിക വ്യക്തമാക്കിയത്.

മാധ്യമ പ്രവര്‍ത്തകനായ എ ജെ ഫിലിപ്പ്, ജോര്‍ജ് കുര്യനെഴുതിയ തുറന്ന കത്തായ 'ലൗ നോട്ട് ജിഹാദ്, സാര്‍' എന്ന ലേഖനത്തില്‍ ഇത്തരം കാര്യമാത്ര പ്രസക്തമല്ലാത്ത വിഷയങ്ങളില്‍ ജോര്‍ജ് കുര്യന്‍ ഇടപെടുന്നതിനു പകരം ന്യൂനപക്ഷങ്ങള്‍ക്കെതിരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ രംഗത്തെത്താന്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിലെ ലൗ ജിഹാദുമായി ബന്ധപ്പെട്ട് എന്‍ഐഎ 12 കേസുകള്‍ അന്വേഷിച്ചതാണ്. ഇതിലൊന്നും ലൗ ജിഹാദിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നതാണ് വസ്തുതയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി വില്‍പ്പന കേസ് തുടങ്ങി എറണാകുളംഅങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സീറോ മലബാര്‍ സഭ സിനഡ് ചേരുന്നത്. ഇക്കാര്യങ്ങളില്‍ നേരത്തെ നല്‍കിയ ഉറപ്പുകള്‍ സിനഡ് പാലിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ 'ലൗജിഹാദ്' ആരോപണമുയര്‍ത്തി പൊതുജന ശ്രദ്ധ തിരിക്കാനുള്ള നീക്കം.


Tags:    

Similar News