ലഡാക്ക് മേഖലയില്‍ പ്രകോപനമായി വീണ്ടും ചൈന; അതിര്‍ത്തിയിലേക്ക് യുദ്ധ സാമഗ്രികള്‍ എത്തിച്ച് ചൈനീസ് സൈന്യം

ദീര്‍ഘനാളായി അതിര്‍ത്തിയില്‍ തുടരുന്ന ഇന്ത്യ ചൈന സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്രതലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വീണ്ടും ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനം.

Update: 2021-02-02 17:46 GMT

ന്യൂഡല്‍ഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശങ്ങളില്‍ വീണ്ടും ചൈനീസ് പ്രകോപനം. ദീര്‍ഘനാളായി അതിര്‍ത്തിയില്‍ തുടരുന്ന ഇന്ത്യ ചൈന സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്രതലത്തിലും സൈനിക തലത്തിലും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് വീണ്ടും ചൈനയുടെ ഭാഗത്തു നിന്ന് പ്രകോപനം.

ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ചൈനീസ് ലിബറേഷന്‍ ആര്‍മി കൂടുതല്‍ സൈനിക സാമഗ്രികള്‍ ലാഡാക് അതിര്‍ത്തിയിലേക്ക് എത്തിക്കുന്നതായാണ് കാണുന്നത്. കൂടുതല്‍, യുദ്ധ ടാങ്കുകള്‍ ചൈനിസ് സൈന്യം അതിര്‍ത്തിയലേക്ക് എത്തിക്കുന്നതായാണ് വിവരം.

ലഡാക്കിലെ പാംഗോങ് തടാകമുള്‍പ്പെടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തല്‍സ്ഥിതി മാറ്റിമറിക്കാന്‍ ചൈനയുടെ ഭാഗത്ത് നിന്നും വീണ്ടും ശ്രമമുണ്ടായെന്നും അത് ഇന്ത്യ പരാജയപ്പെടുത്തിയെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.

വിഷയത്തെ ഇന്ത്യന്‍ സൈന്യം ഗൗരവത്തെയോടെയാണ് കാണുന്നത്. ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തേയും ഇവിടേക്ക് എത്തിച്ചു.

മുമ്പ് ഓഗസ്റ്റ് 30ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം സൈന്യം തടഞ്ഞിരിന്നു. ഇതിന് ശേഷം നടന്ന ചര്‍ച്ചക്ക് ശേഷവും ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമം നടത്തിയെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. വിഷയത്തില്‍ നയതന്ത്രതലത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മേല്‍കൈ കുറക്കാനുള്ള ശ്രമങ്ങളാണ് ചൈനീസ് സൈന്യം നടത്തിയത്.

Tags: