തിരിച്ചടിച്ച് ചൈന; ചെങ്ഡുവിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ച്പൂട്ടണം

അമേരിക്കയുടെ യുക്തിരഹിതമായ നടപടികളോട് നിയമാനുസൃതവും ആവശ്യമായതുമായ പ്രതികരണമാണ് ചെംഗ്ഡു ദൗത്യം അവസാനിപ്പിക്കാനുള്ള ഉത്തരവിനു പിന്നിലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

Update: 2020-07-24 10:15 GMT

ബെയ്ജിങ്: ഹ്യൂസ്റ്റണ്‍ നഗരത്തിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാനുള്ള വാഷിങ്ടണിന്റെ നീക്കത്തിന് പ്രതികാരമായി തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവിലെ കോണ്‍സുലേറ്റ് അടച്ച്പൂട്ടാന്‍ അമേരിക്കയോട് ഉത്തരവിട്ട് ചൈന. അമേരിക്കയുടെ യുക്തിരഹിതമായ നടപടികളോട് നിയമാനുസൃതവും ആവശ്യമായതുമായ പ്രതികരണമാണ് ചെംഗ്ഡു ദൗത്യം അവസാനിപ്പിക്കാനുള്ള ഉത്തരവിനു പിന്നിലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

'ചൈന-യുഎസ് ബന്ധത്തിലെ നിലവിലെ സ്ഥിതി ചൈന ഒരിക്കലും കാണാനാഗ്രഹിച്ചതല്ലെന്നും ഇതിനെല്ലാം ഉത്തരവാദി അമേരിക്കയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍അറിയിച്ചു. 'അമേരിക്കയുടെ തെറ്റായ തീരുമാനം ഉടന്‍ പിന്‍വലിക്കാനും ഉഭയകക്ഷി ബന്ധം പഴയപടിയാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തങ്ങള്‍ വീണ്ടും അഭ്യര്‍ഥിക്കുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കോണ്‍സുലേറ്റ് എപ്പോള്‍ അടച്ചുപൂട്ടണമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും 72 മണിക്കൂര്‍ സമയപരിധഇയാണ് നല്‍കിയിരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ഹു സിജിന്‍ പറഞ്ഞു. യുഎസ് ചെങ്ഡുവിലെ കോണ്‍സുലേറ്റ് തിങ്കളാഴ്ച രാവിലെ അടച്ചിടുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സാമ്പത്തിക ശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം ശക്തിപ്രാപിക്കുന്നതിനിടെയാണ് അടിക്ക് തിരിച്ചടി എന്ന നിലയിലുള്ള നീക്കങ്ങള്‍. ചാരവൃത്തി ആരോപിച്ച് ടെക്‌സസിലെ ഹ്യൂസ്റ്റണിലെ ദൗത്യം അവസാനിപ്പിക്കാന്‍ ചൊവ്വാഴ്ച വാഷിങ്ടണ്‍ ബെയ്ജിങിന് 72 മണിക്കൂര്‍ സമയം നല്‍കിയിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് ചെങ്ഡുവിലെ കോണ്‍സുലേറ്റ് അടച്ച്പൂട്ടാന്‍ ചൈന അമേരിക്കയോട് ഉത്തരവിട്ടത്.

കൊവിഡ് 19 വ്യാപനം മുതല്‍ ബെയ്ജിങിന്റെ വ്യാപാര, വ്യവസായ രീതികള്‍, ദക്ഷിണ ചൈനാക്കടലിലെ പ്രാദേശിക അവകാശവാദങ്ങള്‍ തുടങ്ങി ഹോങ്കോങിലെയും പടിഞ്ഞാറന്‍ മേഖലയായ സിന്‍ജിയാങിലെ അടിച്ചമര്‍ത്തല്‍ വരെയുള്ള നിരവധി പ്രശ്‌നങ്ങളെ ചൊല്ലിയാണ് യുഎസ്-ചൈന ബന്ധം വഷളായിരിക്കുന്നത്.

Tags:    

Similar News