കൊവിഡ് രണ്ടാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുന്നു; അവര്‍ ശൃംഖലയുടെ ഭാഗമാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്രം

പ്രായപൂര്‍ത്തിയാവാത്തവരില്‍ ലക്ഷണങ്ങളില്ലാതെയാണ് രോഗം കണ്ടെത്തുന്നത്. ഇത് നേരത്തെയുള്ള കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമാണ്. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ ശൃംഖലയുടെ ഭാഗമാവുന്നില്ലെന്ന് നാം ശ്രദ്ധിക്കണം.

Update: 2021-05-22 15:47 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. നീതി ആയോഗ് (ആരോഗ്യം) അംഗം ഡോ. വി കെ പോള്‍ ആണ് കുട്ടികള്‍ വൈറസ് വ്യാപനത്തിന്റെ ശൃംഖലയുടെ ഭാഗമാവാതിരിക്കാന്‍ എല്ലാവരും ഉറപ്പുവരുത്തണമെന്ന മുന്നറിയിപ്പ് നല്‍കിയത്. രണ്ടാം തരംഗത്തില്‍ വൈറസ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം കൂടുതലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യയുടെ 26 ശതമാനം 14 വയസിന് താഴെയുള്ളവരും ഏഴ് ശതമാനം അഞ്ച് വയസിന് താഴെയുള്ളവരുമാണ്.

പ്രായപൂര്‍ത്തിയാവാത്തവരില്‍ ലക്ഷണങ്ങളില്ലാതെയാണ് രോഗം കണ്ടെത്തുന്നത്. ഇത് നേരത്തെയുള്ള കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമാണ്. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിക്കുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ ശൃംഖലയുടെ ഭാഗമാവുന്നില്ലെന്ന് നാം ശ്രദ്ധിക്കണം. രണ്ടാം തരംഗത്തില്‍ വൈറസ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു. കുട്ടികളെ കൈകാര്യം ചെയ്യുന്ന വഴികളെക്കുറിച്ച് രാജ്യത്തെ ആരോഗ്യവിദഗ്ധര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ കാര്യം കൂടുതല്‍ പ്രധാനമാണ്. അവര്‍ക്ക് കൊവിഡ് പിടിപെടുന്നു. പക്ഷേ, രോഗലക്ഷണങ്ങള്‍ വളരെ കുറവാണ്. ആളുകള്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതലയുണ്ട്- ഡോ. പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആരോഗ്യവിദഗ്ധരുടെ നിര്‍ദേശപ്രകാരം മൂന്നാമത്തെ കൊവിഡ് തരംഗം കുട്ടികളെ വളരെയധികം ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ദേശീയ ആരോഗ്യസംരക്ഷണ കമ്മീഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലും കത്തെഴുതിയിരുന്നു. ഇന്ത്യയിലെ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തില്‍ ഗ്രാമപ്രദേശങ്ങളെ നഗരത്തേക്കാള്‍ കൂടുതല്‍ ബാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഒരു പ്രധാന ഭാഗത്ത് കൊവിഡ് നിയന്ത്രണവിധേയമാവും. പോസിറ്റീവ് നിരക്ക് കുറയുകയും സജീവമായ കേസുകളുടെ എണ്ണം കുറയുകയും ചെയ്യും- ഒരാഴ്ച മുമ്പ് പറഞ്ഞ കാര്യം അദ്ദേഹം ആവര്‍ത്തിച്ചു.

Tags:    

Similar News