കുട്ടികള്‍ക്ക് പീഡനം ; സംഘപരിവാര നിയന്ത്രണത്തിലുള്ള പ്രഗതി ബാലഭവനില്‍ ശിശു ക്ഷേമ സമിതി പരിശോധന നടത്തും

ഈ ആഴ്ച തന്നെ സമിതി പരിശോധനയ്ക്കെത്തുമെന്നും ഇതിനു ശേഷം മാത്രമെ ഈ ബാലഭവന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളുവെന്നും ശിശുക്ഷേമ സമിതി എറണാകുളും ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുണ്‍കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. കുട്ടികള്‍ ചാടിപോയ വിഷയം ശിശുക്ഷേമ സമിതി ഗൗരവത്തിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രഗതി ബാലഭവനില്‍ അടിസ്ഥാന സൗകര്യമില്ലെന്ന വിവരമാണ് രക്ഷിതാക്കളില്‍ നിന്നടക്കം സമിതിക്ക് കിട്ടിയിരിക്കുന്നത്.ഇവിടെ ശാരീരികവും മാനസികവുമായി കുട്ടികള്‍ പീഢനം നേരിടുന്നതായുള്ള വിവരവും സമിതിക്ക് ലഭിച്ചിട്ടുണ്ട്

Update: 2019-06-25 11:27 GMT

കൊച്ചി: കോതമംഗലം തൃക്കാരിയൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രഗതി ബാലഭവനില്‍ സംസ്ഥാന ശിശു ക്ഷേമ സമിതി അന്വേഷണം നടത്തും. ഈ സ്ഥാപനത്തിലെ അന്തേവാസികളായ കുട്ടികള്‍ ചാടിപ്പോയതിനെ തുടര്‍ന്നാണ് സംസ്ഥാന സമിതി വിശദമായ പരിശോധനക്കു എത്തുന്നത്. ഈ ആഴ്ച തന്നെ സമിതി പരിശോധനയ്ക്കെത്തുമെന്നും ഇതിനു ശേഷം മാത്രമെ ഈ ബാലഭവന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണമോയെന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളുവെന്നും ശിശുക്ഷേമ സമിതി എറണാകുളും ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.കെ എസ് അരുണ്‍കുമാര്‍ തേജസ് ന്യൂസിനോട് പറഞ്ഞു. കുട്ടികള്‍ ചാടിപോയ വിഷയം ശിശുക്ഷേമ സമിതി ഗൗരവത്തിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രഗതി ബാലഭവനില്‍ അടിസ്ഥാന സൗകര്യമില്ലെന്ന വിവരമാണ് രക്ഷിതാക്കളില്‍ നിന്നടക്കം സമിതിക്ക് കിട്ടിയിരിക്കുന്നത്.ഇവിടെ ശാരീരികവും മാനസികവുമായി കുട്ടികള്‍ പീഢനം നേരിടുന്നതായുള്ള വിവരവും സമിതിക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം ചൂണ്ടികാട്ടി സംസ്ഥാന സര്‍ക്കാരിനും ശിശുക്ഷേമ സമിതിക്കും ജില്ലാ ശിശു ക്ഷേമ സമിതി റിപോര്‍ട് നല്‍കിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി പരിശോധനയ്ക്കായി ഈ ആഴ്ച തന്നെ പ്രഗതി ബാലഭവനില്‍ എത്തുമെന്നും അഡ്വ കെ എസ് അരുണ്‍കുമാര്‍ അറിയിച്ചു

.സംസ്ഥാന ശിശുക്ഷേമ സമിതിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രഗതി ബാലഭവന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കണമോയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം.നിലവില്‍ 20 കുട്ടികളാണ് ഇവിടെയുള്ളത്. സ്ഥാപനത്തിന്റെ മുറ്റത്ത് തന്നെ ആര്‍എസ്എസിന്റെ ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിലേക്കാണ് ഇവിടുത്തെ കുട്ടികളെ വിടുന്നതെന്നും പരാതിയുണ്ട്. ഇത് കൃത്യമായി പരിശോധിക്കുന്നതായും അരുണ്‍കുമാര്‍ പറഞ്ഞു. കുട്ടികളെ മൃഗീയമായി പീഡിപ്പിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി. ആദ്യം ഇവിടെ നിന്നും മുന്നു കുട്ടികള്‍ ചാടിപ്പോയിരുന്നു.തുടര്‍ന്ന് പോലിസ് ഇവരെ കണ്ടെത്തി തിരിച്ചെത്തിച്ചു. പിന്നീട് നാലു കുട്ടികള്‍ ചാടിപ്പോയിരുന്നു. ഇതിനെ തുടര്‍ന്ന് പോലിസ് മാന്‍ മിസിംഗിന് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റൊരു കെട്ടിടത്തിനു സമീപത്തു നിന്നും ഇവരെ കണ്ടെത്തിയിരുന്നു. പോലീസ് കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇവരില്‍ രണ്ടു പേരെ പെരുമ്പാവൂരിലെ ബാലമന്ദിരത്തിലേക്ക് മാറ്റി. രണ്ടു പേരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടുവെന്നും മറ്റു കുട്ടികള്‍ പ്രഗതിയില്‍ ഉണ്ടെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ആശാ കിരണ്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രഗതി പ്രവര്‍ത്തിക്കുന്നത്. ഇത് സംഘപരിവാറിന്റെ നതൃത്വത്തിലുള്ളതാണെന്നാണ് വിവരമെന്നും ഇത് സംബന്ധിച്ചും അന്വേഷണം നടത്തിവരികയാണെന്നും അരുണ്‍കുമാര്‍ പറഞ്ഞു.

എതാനും ദിവസം മുമ്പ് ഇവിടെ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയതോടെയാണ് വിവരം പുറംലോകമറിയുന്നത്.തുടര്‍ന്ന് പോലിസ് കോതമംഗലത്തും പരിസര പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാലഭവന്റെ സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ഉച്ചയോടെ കുട്ടികളെ കണ്ടെത്തിയത്. ഭക്ഷണവും വെള്ളവും കഴിക്കാതെ കുട്ടികള്‍ തളര്‍ന്നവശരായിരുന്നു. അവധിക്ക് വീട്ടില്‍ പോയ കുട്ടികള്‍ തിരികെ ബാലഭവനിലേക്ക് പോകാന്‍ വിസമ്മതിച്ചിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കുട്ടികള്‍ ആദ്യം ഒന്നും തന്നെ തുറന്നു പറയാന്‍ കൂട്ടാക്കിയില്ലെന്നും നിര്‍ബന്ധിച്ചപ്പോഴാണ് മര്‍ദ്ദനവിവരം പുറത്തു പറഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു.

Tags:    

Similar News