പാലക്കാട്ട് ക്ഷേത്രത്തിലെ ബാലവിവാഹം: വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്

Update: 2023-07-05 05:04 GMT

ചെര്‍പ്പുളശ്ശേരി: പാലക്കാട് ജില്ലയിലെ തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നെന്ന പരാതിയില്‍ വരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ ചെര്‍പ്പുളശ്ശേരി പോലിസ് കേസെടുത്തു. തൂത തെക്കുംമുറിയിലെ മുപ്പത്തിരണ്ടുകാരന്‍, മണ്ണാര്‍ക്കാട്ടെ പതിനേഴുകാരിയെ വിവാഹം കഴിച്ചെന്ന പരാതിയിലാണ് വരന്‍ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠന്‍, പെണ്‍കുട്ടിയുടെ പിതാവ്, മാതാവ് എന്നിവര്‍ക്കെതിരേ കേസെടുത്തത്. ഇവര്‍ക്കെതിരേ ബാലവിവാഹ നിരോധന നിയമമാണ് ചുമത്തിയിട്ടുള്ളത്. തൂത ഭഗവതിക്ഷേത്രത്തില്‍ ബാലവിവാഹം നടന്നെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വനിതാ ശിശുക്ഷേമവകുപ്പിനു കീഴിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലിസിനോട് റിപോര്‍ട്ട് തേടിയിരുന്നു.

    ഇക്കഴിഞ്ഞ ജൂണ്‍ 29ന് നൂറോളം ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ആചാരപ്രകാരം വിവാഹം നടന്നതെന്നാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. തുടര്‍ന്ന് ഇരുവരുടെയും പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. പെണ്‍കുട്ടി പഠിച്ച ഊട്ടിയിലെ സ്‌കൂളില്‍നിന്നു ജനനത്തിയ്യതി കണ്ടെത്തിയാണ് പോലിസ് വയസ്സ് നിര്‍ണയിച്ചതെന്നാണ് വിവരം. വിവാഹശേഷം ക്ഷേത്രപരിസരത്തെ ഓഡിറ്റോറിയത്തില്‍ നടന്ന സല്‍ക്കാരത്തിലും ബന്ധുക്കളും പ്രദേശവാസികളും പങ്കെടുത്തതായും വിവരമുണ്ട്.

Tags:    

Similar News