മുഖ്യമന്ത്രിക്കു വധഭീഷണി; പിന്നില്‍ ഏഴാം ക്ലാസുകാരനെന്ന് പോലിസ്

Update: 2023-11-02 05:08 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണില്‍ ഭീഷണി. പോലിസ് ആസ്ഥാനത്താണ് മുഖ്യമന്ത്രിക്ക് വധഭീഷണിയും അസഭ്യവര്‍ഷവുമായി ഫോണ്‍ വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ ഫോണില്‍ നിന്നാണ് ഭീഷണി ഫോണ്‍ വന്നതെന്ന് വ്യക്തമായി. എന്നാല്‍, വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ തങ്ങളുടെ ഏഴാം ക്ലാസുകാരനായ മകനാണ് ഫോണ്‍ ഉപയോഗിച്ചതെന്നാണ് പറഞ്ഞത്. ഇതോടെ 12കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയതായി മ്യൂസിയം പോലിസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് ഫോണ്‍വിളിയെത്തിയത്. പോലിസ് ആസ്ഥാനത്തെ എമര്‍ജന്‍സി നമ്പറിലേക്കാണ് വിളിച്ചത്. ഫോണ്‍ എടുത്തപ്പോള്‍ എതിര്‍വശത്ത് നിന്ന് മുഖ്യമന്ത്രിക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുമായിരുന്നു. തുടര്‍ന്ന്, പോലിസ് ആസ്ഥാനത്ത് നിന്ന് പരാതി മ്യൂസിയം പോലിസിന് കൈമാറി. തുടരന്വേഷണത്തില്‍ എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി ഫോണ്‍ വിളിച്ചത് വിദ്യാര്‍ഥി തന്നെയാണെന്ന് ഉറപ്പുവരുത്തിയതായും പോലിസ് അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്തതിനാല്‍ വിദ്യാര്‍ഥിക്കെതിരേ കേസോ മറ്റു നടപടികളോ ഉണ്ടാവില്ലെന്നും കൗണ്‍സിലിങ്ങ് നല്‍കുമെന്നുമാണ് വിവരം. അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടികള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags: