വീടുകളില്‍നിന്ന് ജോലി ചെയ്യുന്നത് തുടരണം; ഓഫിസ് മീറ്റിങ്ങുകള്‍ ഓണ്‍ലൈനിലാക്കണം

ഓഫിസുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പാളിയതിന്റെ ഫലം പലയിടങ്ങളിലും കാണുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് സെക്രട്ടറിയേറ്റില്‍ തന്നെ ഉണ്ടായ പ്രശ്‌നങ്ങളും മരണവും നാം കണ്ടതാണ്. അതുകൊണ്ട് നിയന്ത്രണം തുടര്‍ന്നേ തീരൂ. മുഖ്യമന്ത്രി പറഞ്ഞു.

Update: 2020-06-18 15:26 GMT

തിരുവനന്തപുരം: പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് കൊവിഡ് ബാധ വരുമ്പോള്‍ ഒരു മേഖലയാകെ സ്തംഭിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഓഫിസുകള്‍ ഏതായാലും ജനങ്ങള്‍ക്ക് ആവശ്യമുള്ളതാണ്. അവയുടെ പ്രവര്‍ത്തനം നിലച്ചുപോകരുത്. പകുതിയാളുകള്‍ മാത്രമേ ഒരുസമയം ഓഫിസില്‍ ഉണ്ടാകേണ്ടതുള്ളു. വീടുകളില്‍നിന്ന് ജോലി ചെയ്യുന്നത് ഈ ഘട്ടത്തില്‍ തുടരുക തന്നെ വേണം.

ഓഫിസ് മീറ്റിങ്ങുകള്‍ ഓണ്‍ലൈനിലാക്കണം. ഓഫിസുകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ പാളിയതിന്റെ ഫലം പലയിടങ്ങളിലും കാണുന്നുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനത്ത് സെക്രട്ടറിയേറ്റില്‍ തന്നെ ഉണ്ടായ പ്രശ്‌നങ്ങളും മരണവും നാം കണ്ടതാണ്. അതുകൊണ്ട് നിയന്ത്രണം തുടര്‍ന്നേ തീരൂ. ഓഫിസ് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം ചീഫ് സെക്രട്ടറി മോണിറ്റര്‍ ചെയ്ത് ഉറപ്പു വരുത്തും.

കൊവിഡ് ഡ്യൂട്ടിക്ക് ആളുകളെ നിയോഗിക്കുമ്പോള്‍ അതത് ജില്ലകളില്‍നിന്ന് പൂള്‍ ചെയ്ത് നിയോഗിക്കുന്നതാണ് നല്ലത്. കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം ആ ഘട്ടത്തില്‍ താമസിക്കരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷാക്രമീകരണങ്ങളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്താന്‍ നടപടികള്‍ സ്വീകരിക്കും.

രോഗവ്യാപനം ഉയര്‍ന്നാല്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം നമുക്ക് വേണ്ടതുണ്ട്. അതിന് വിപുലമായ പദ്ധതി തയ്യാറാക്കും. ഇപ്പോള്‍ സംസ്ഥാന സര്‍വീസിലുള്ള 45 വയസ്സില്‍ താഴെയുള്ളവരില്‍ നിന്ന് പ്രത്യേകം ആളുകളെ റിക്രൂട്ട് ചെയ്ത് പരിശീലനം നല്‍കും. ആരോഗ്യരംഗത്തെ വിവിധ കോഴ്‌സുകള്‍ പഠിക്കുന്ന ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളില്‍ താല്‍പര്യമുള്ളവര്‍, തൊഴില്‍രഹിതരായ ആരോഗ്യപ്രവര്‍ത്തകര്‍, റിട്ടയര്‍ ചെയ്ത ആരോഗ്യരംഗത്തെ പ്രൊഫഷണലുകള്‍ ഇവരെ സംഘടനാടിസ്ഥാനത്തില്‍ ഒരുക്കി ആവശ്യമുള്ളിടത്ത് നിയോഗിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇവര്‍ക്ക് പരിശീലനം നല്‍കും. എന്‍സിസി, എന്‍എസ്എസ്, എസ്പിസി വളണ്ടിയര്‍മാരെയും ഇതില്‍ ഉള്‍പ്പെടുത്തും. അതോടൊപ്പം താല്പര്യമുള്ള യുവാക്കള്‍ക്കും സന്നദ്ധസേനയിലെ വളണ്ടിയര്‍മാര്‍ക്കും ഇതിനോടൊപ്പം പരിശീലനം നല്‍കും.

ഈ രോഗത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ പങ്കാളികളാകുന്ന എല്ലാവരും അനുമോദനം അര്‍ഹിക്കുന്നു. താല്‍ക്കാലികമായി ചുമതല ഏറ്റെടുത്ത സന്നദ്ധ സേവകര്‍ മുതല്‍ ആരോഗ്യ പ്രവര്‍ത്തകരും പോലിസും ഫയര്‍ ആന്റ് റെസ്‌ക്യു സേനാംഗങ്ങളും അടക്കം എല്ലാവരെയും സമൂഹമാകെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണ്ടതുണ്ട്. തുടര്‍ച്ചയായി ആഴ്ചകളോളം പ്രവര്‍ത്തിപ്പിച്ച് അവരെ തളര്‍ത്താന്‍ ഇടയാക്കരുത് എന്നാണ് സര്‍ക്കാര്‍ കാണുന്നത്. വിശ്രമത്തിന് സൗകര്യം നല്‍കണം.

ഇന്നത്തെ അവസ്ഥയെടുത്താല്‍ പൊതുവെ നമ്മുടെയാകെ ജാഗ്രത കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. എനിക്ക് ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പലരും. റോഡുകളും കമ്പോളങ്ങളും പതിവുനിലയില്‍ തിരക്കേറിയതായി. ശാരീരിക അകലം പലയിടത്തും പാലിക്കപ്പെടുന്നില്ല. പൊതുവായി ആളുകള്‍ കൂടുന്ന സ്ഥലങ്ങളിലെ സാനിറ്റൈസര്‍സോപ്പ് ഉപയോഗവും കുറഞ്ഞു. ഇത് സംസ്ഥാനത്താകെയുള്ള കാഴ്ചയാണ്. ശക്തമായ ഇടപെടല്‍ വേണ്ടതുണ്ട് എന്നാണ് തീരുമാനം.

സര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള യാത്രയ്ക്ക് പലരും കൂട്ടായി വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യുന്നുണ്ട്. പലര്‍ ചേര്‍ന്ന് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്താണ് പോകുന്നത്. ഇത്തരം യാത്രകള്‍ തടയാനോ യാത്രക്കാര്‍ക്ക് വിഷമമുണ്ടാക്കാനോ പൊലീസോ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരോ തയ്യാറാകരുത് എന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നമ്മുടെ സംസ്ഥാനത്തിലേക്ക് വലിയതോതില്‍ ചരക്ക് വരുന്ന മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധ രൂക്ഷമാവുകയാണ്. ഇത് ചരക്കുഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

കൊവിഡ് രോഗികളുടെ താമസസ്ഥലത്തിന് സമീപത്തുളള ഏതാനും വീടുകള്‍ ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ രൂപീകരിച്ച് നിയന്ത്രണങ്ങള്‍ വളരെ കര്‍ശനമായി നടപ്പിലാക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ കോവിഡ് ബാധ ഒരു വീട്ടിലുണ്ടായാല്‍ ആവാര്‍ഡാകെ കണ്ടെയിന്‍മെന്റ് സോണാവുകയാണ്. മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍ വരുന്നതോടെ ആ വീടും ചുറ്റുപാടും ചേര്‍ന്നുള്ള ഒരു ക്ലസ്റ്റര്‍ മാത്രമാണ് കണ്ടെയിന്‍മെന്റ് സോണായി മാറുക. അത് കൂടുതല്‍ കര്‍ക്കശമാക്കും. അതേ സമയം മറ്റു സ്ഥലങ്ങളില്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുകയും ചെയ്യും.

ക്വാറന്റീനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നത് നേരിട്ട് നിരീക്ഷിക്കാനായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാരെയും അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി. ജനമൈത്രി പൊലീസ് നടത്തുന്ന മൊബൈല്‍ ബീറ്റ് പട്രോളിന് പുറമെയാണിത്. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാസ്‌ക് ധരിക്കാത്ത 3486 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘിച്ച 18 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

ചെറിയ കുട്ടികള്‍ ആത്മഹത്യകള്‍ ചെയ്യുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലായി വരുന്നുണ്ട്. ഈ വിഷയത്തില്‍ കുട്ടികളുടെ കുടുംബസാഹചര്യം, മരണകാരണം എന്നിവയുള്‍പ്പെടെ ബഹുതലത്തിലുള്ള പഠനം നടത്തും.

എല്ലാ വിമാന യാത്രക്കാരും കോവിഡ് ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വരുന്ന ആളുകളുടെ വിവരം ലഭ്യമാക്കാനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നല്‍കാനും ഇത് ഒഴിച്ചുകൂടാനാവാത്തതാണ്. 

Tags: