'ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ ഒപ്പുവച്ച തന്നെ മാത്രം അറസ്റ്റ് ചെയ്തതെന്തിന്? -തിഹാര്‍ ജയിലില്‍ നിന്ന് ചിദംബരത്തിന്റെ ട്വീറ്റ്

താന്‍ വേട്ടയാടപ്പെടുകയായിരുന്നു എന്ന രീതിയിലുള്ളതാണ് ചിദംബരത്തിന്റെ ട്വീറ്റ്.

Update: 2019-09-09 09:39 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ട് തുറങ്കിലടച്ച നടപടിയില്‍ ട്വിറ്ററിലൂടെ പ്രതികരിച്ച് തീഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. താന്‍ വേട്ടയാടപ്പെടുകയായിരുന്നു എന്ന രീതിയിലുള്ളതാണ് ചിദംബരത്തിന്റെ ട്വീറ്റ്.

ഈ കേസില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പോലും ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടില്ല. പിന്നെ താങ്കളെ മാത്രം എന്തുകൊണ്ട് അറസ്റ്റ് ചെയ്തു എന്ന് ആളുകള്‍ എന്നോട് ചോദിക്കുകയാണ്. അതിലെ അവസാനത്തെ ഒപ്പിട്ട ആള്‍ ഞാന്‍ ആയതുകൊണ്ടാണോ? തനിക്ക് ഉത്തരമില്ലെന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്. തന്റെ കുടുംബത്തോട് ഇനിപ്പറയുന്നവ ട്വീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നറിയിച്ചാണ് ട്വീറ്റ് തുടങ്ങുന്നത്.

14 ദിവസത്തെ സി.ബി.ഐ കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്ന് 74 കാരനായ ചിദംബരത്തെ കോടതി കഴിഞ്ഞ വ്യാഴാഴ്ച തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു. 2007 ല്‍ രാജ്യത്തിന്റെ ധനമന്ത്രിയെന്ന നിലയില്‍ ഐഎന്‍എക്‌സ് മീഡിയയിലേക്ക് വിദേശ ഫണ്ടുകള്‍ വന്‍തോതില്‍ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തി വരികയാണ്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ഇടപാടുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയതായും അന്വേഷണ ഏജന്‍സികള്‍ ആരോപിക്കുന്നുണ്ട്.

ആറ് അംഗ വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) ശുപാര്‍ശയില്‍ താന്‍ ഒപ്പ് വയ്ക്കുക മാത്രമാണ് ചെയ്തത് എന്ന് അടിവരയിടുന്ന തരത്തിലുള്ളതാണ് ചിദംബരത്തിന്റെ ട്വീറ്റ്. കേസ് ശുപാര്‍ശ ചെയ്ത ഉദ്യോഗസ്ഥര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും, അറസ്റ്റും അദ്ദേഹത്തിനെതിരായ കേസും അടിസ്ഥാനരഹിതമാണെന്നും ചിദംബരത്തിന്റെ ട്വീറ്റ് സൂചിപ്പിക്കുന്നു.


Tags:    

Similar News