വര്‍ഗീയ സംഘര്‍ഷം: ബിജെപി എംപിക്കും മുന്‍ എംഎല്‍എയ്ക്കുമെതിരേ ഛത്തീസ്ഗഡ് പോലിസ് കേസെടുത്തു

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു സംഘടനകളുടെ മറ്റ് നേതാക്കളോടൊപ്പം കലാപത്തിനും സ്വത്ത് നാശത്തിനും തങ്ങള്‍ പാണ്ഡെയ്ക്കും സിംഗിനുമെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് പറഞ്ഞു.

Update: 2021-10-09 15:47 GMT

റായ്പൂര്‍: ചൊവ്വാഴ്ച കവര്‍ധ ടൗണില്‍ ഹിന്ദുത്വ അനുകൂലികളുടെ റാലിക്കിടെ കലാപമുണ്ടാക്കി ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വത്തുവകകള്‍ തിരഞ്ഞു പിടിച്ച് നശിപ്പിച്ച സംഭവത്തില്‍ ബിജെപി എംപി സന്തോഷ് പാണ്ഡെ, മുന്‍ നിയമസഭാംഗം അഭിഷേക് സിംഗ് എന്നിവര്‍ക്കെതിരേ ഛത്തീസ്ഗഡ് പോലിസ് കേസെടുത്തു.സംസ്ഥാന മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ മകനാണ് അഭിഷേക് സിംഗ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു സംഘടനകളുടെ മറ്റ് നേതാക്കളോടൊപ്പം കലാപത്തിനും സ്വത്ത് നാശത്തിനും തങ്ങള്‍ പാണ്ഡെയ്ക്കും സിംഗിനുമെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് പറഞ്ഞു.

റാലിക്കിടെ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന ഹിന്ദുത്വരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുസ്‌ലിംകളെ അറുക്കുമ്പോള്‍ അവര്‍ റാം റാം എന്ന് വിളിക്കും തുടങ്ങി അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് സംഘം റാലിയില്‍ ഉയര്‍ത്തിയത്.

നഗരത്തിലെ മുസ്‌ലിം വിഭാഗത്തിന്റെ സ്വത്തുവകകള്‍ക്കു നേരെ ആക്രമണം നടന്ന റാലികളില്‍ പാണ്ഡെയുടെയും സിംഗിന്റെയും സാന്നിധ്യം മോഹിത് ഗാര്‍ഗ് സ്ഥിരീകരിച്ചു.വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 95 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എച്ച്ടി റിപ്പോര്‍ട്ട് പറയുന്നു.

Tags:    

Similar News