'മതപരിവര്‍ത്തനം നിര്‍ത്തെടാ'; പാസ്റ്റര്‍ക്കും കുടുംബത്തിനും ഹിന്ദുത്വരുടെ ക്രൂര മര്‍ദ്ദനം

ഛത്തീസ്ഗഢിലെ കബിര്‍ദം ജില്ലയിലാണ് 25കാരനായ പാസ്റ്റര്‍ക്കെതിരേ നൂറോളം പേരടങ്ങുന്ന ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിട്ടത്.

Update: 2021-08-30 16:52 GMT

റായ്പൂര്‍: മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഢില്‍ യുവ പാസ്റ്റര്‍ക്കും കുടുംബത്തിനും ഹിന്ദുത്വരുടെ ക്രൂരമര്‍ദ്ദനം. ഛത്തീസ്ഗഢിലെ കബിര്‍ദം ജില്ലയിലാണ് 25കാരനായ പാസ്റ്റര്‍ക്കെതിരേ നൂറോളം പേരടങ്ങുന്ന ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിട്ടത്.

രാവിലെ 11ന് പ്രാര്‍ഥന നടത്തവെയാണ് നൂറോളം വരുന്ന സംഘം പാസ്റ്റര്‍ കവാല്‍സിങ് പരസ്‌തെയുടെ വീട്ടിലെത്തിയത്. 'മതപരിവര്‍ത്തനം നിര്‍ത്തെടാ' എന്നാക്രോശിച്ച് വീട്ടിലേക്ക് അതിക്രമിച്ച് കടന്ന സംഘം പാസ്റ്ററെയും കുടുംബത്തെയും മൃഗീയമായി തല്ലിച്ചതയ്ക്കുകയും പ്രാര്‍ത്ഥനാ വസ്തുക്കളും വീട്ടുപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. പോലിസ് എത്തിയാണ് ഇവരെ രക്ഷിച്ചത്. 'അവര്‍ പാസ്റ്ററെ മര്‍ദ്ദിക്കുകയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ആക്രമിക്കുകയും തുടര്‍ന്ന് രക്ഷപ്പെടുകയും ചെയ്തു'- കബീര്‍ധാം പോലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് ഫയല്‍ ചെയ്യുന്നുണ്ടെന്നും അതനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഗാര്‍ഗ് പറഞ്ഞു. അതേസമയം, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ട കേസുകളില്‍ പോലീസും സംസ്ഥാന സര്‍ക്കാരും ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ഛത്തീസ്ഗവിലെ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നലാല്‍ ആരോപിച്ചു.'ഇത് വളരെ അപകടകരമായ പ്രവണതയാണ്, ഇത് സംസ്ഥാനത്ത് വ്യാപകമായിട്ടുണ്ട്, ഇത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സര്‍ക്കാരിന്റെ നിസ്സഹായതയില്‍ തങ്ങള്‍ വേദനിക്കുന്നു,' അദ്ദേഹം പറഞ്ഞു.

'കഴിഞ്ഞ 15 ദിവസത്തിനിടയില്‍, സംസ്ഥാനത്തുടനീളമുള്ള തങ്ങളുടെ മതസ്ഥലങ്ങളില്‍ കുറഞ്ഞത് 10 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ട്, എന്നാല്‍ ഒരു കേസിലും പോലീസ് ഒരു നടപടിയും എടുത്തില്ല. തങ്ങള്‍ക്ക് നീതി വേണം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നശീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്നാണ്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: