ചെറുവള്ളി എസ്‌റ്റേറ്റ്: നിയമവിരുദ്ധ കൈയേറ്റത്തെ സാധൂകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല- എസ്ഡിപിഐ

ഇതില്‍ കോടികളുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് രൂപ ഖജനാവില്‍ നിന്നു മുടക്കി സര്‍ക്കാര്‍ നടത്തുന്ന നിയമപോരാട്ടം അസാധുവാക്കുന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Update: 2020-06-30 11:56 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമിയെന്ന് അവകാശപ്പെട്ട് വര്‍ഷങ്ങളായി കോടതികളില്‍ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഭൂമി നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനം നിയമവിരുദ്ധ കൈയേറ്റത്തെ സാധൂകരിക്കാനുള്ള കുറുക്കുവഴിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി.

ഇതില്‍ കോടികളുടെ അഴിമതിക്കാണ് കളമൊരുങ്ങുന്നത്. വര്‍ഷങ്ങളായി ലക്ഷക്കണക്കിന് രൂപ ഖജനാവില്‍ നിന്നു മുടക്കി സര്‍ക്കാര്‍ നടത്തുന്ന നിയമപോരാട്ടം അസാധുവാക്കുന്ന തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിലൂടെ യോഹന്നാന്റെ കൈവശമുള്ള ഭൂമിയുടെ ഉടമാവകാശം സര്‍ക്കാര്‍ സമ്മതിച്ചുകൊടുക്കുകയാണ്. 2200 ഏക്കര്‍ വരുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഇത്തരത്തില്‍ ഏറ്റെടുത്താല്‍ ഇതുപോലെതന്നെ തോട്ടം എന്ന പേരില്‍ വന്‍കിടക്കാര്‍ കൈവശപ്പെടുത്തി വെച്ച അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമിയും സര്‍ക്കാരിന് നഷ്ടപ്പെടും.

സംസ്ഥാനത്തെ അനധികൃത കൈയേറ്റക്കാരും പിണറായി സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നില്‍. രാജമാണിക്യത്തെയും സുശീല ഭട്ടിനെയും വെട്ടിനിരത്തിയാണ് ഒത്തുകളിക്ക് കളമൊരുക്കിയത്. കേരള ഭൂപരിഷ്‌കരണ നിയമങ്ങള്‍, കേരള ഭൂസംരക്ഷണ നിയമങ്ങള്‍, ഗവ. ഓഫ് ഇന്ത്യാ ആക്ട്, ഫെറ നിയമങ്ങള്‍, വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടങ്ങള്‍ തുടങ്ങി നിരവധി നിയമങ്ങളെ മറികടന്നു കൊണ്ട്് സംസ്ഥാനത്തെ ജനങ്ങള്‍ക്കവകാശപ്പെട്ട ഭൂമി അനധികൃതമായി കൈവശം വെച്ച് കൊണ്ടിരിക്കുന്നതായി ഡോ.എം.എ രാജമാണിക്യം ഐഎഎസ് 2016 ജൂണ്‍ 4ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന ലാന്റ് ബോര്‍ഡ് സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ സുശീല ആര്‍ ഭട്ട്, തോട്ടത്തില്‍ സി രാധാകൃഷ്ണന്‍, വി പി രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് 2013 ഫെബ്രുവരി 28ന് ഹാരിസണ്‍ മലയാളം കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ റിപോര്‍ട്ടുകളെല്ലാം അട്ടിമറിക്കുന്നതാണ് പുതിയ നീക്കം.

എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഈ ഭൂമിയാണു ശബരിമലയ്ക്ക് ഏറ്റവും സമീപത്തു വിമാനത്താവളത്തിനു യോജ്യമായതെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത് ശബരിമലയെ മറയാക്കി കോടികളുടെ തട്ടിപ്പിനെതിരായ പ്രതിഷേധം വഴിതിരിച്ചു വിടുന്നതിനാണ്. ജനങ്ങളെ വിഡ്ഢികളാക്കി അനധികൃത കൈയേറ്റത്തെ സാധൂകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.

Tags:    

Similar News