ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്

Update: 2021-03-27 03:48 GMT

ആലപ്പുഴ: ഇരട്ടവോട്ടിനെതിരേ യുഡിഎഫ് നിയമനടപടിയുമായി മുന്നോട്ടുപോവുന്നതിനിടെ ആരോപണം ഉയര്‍ത്തിക്കൊണ്ടു വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്. രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മയ്ക്ക് ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152ാം ബൂത്തിലും ഹരിപ്പാട് നഗരസഭയിലെ 51ാം ബൂത്തിലും വോട്ടുണ്ട്. ചെന്നിത്തല പഞ്ചായത്തില്‍നിന്ന് ഈയിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാംപ് ഓഫിസ് വിലാസത്തിലേക്ക് മാറ്റിയത്. കുടുംബത്തിലെ മറ്റുള്ളവരുടെയെല്ലാം വോട്ടുകള്‍ ചെന്നിത്തല പഞ്ചായത്തില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും ദേവകി അമ്മയുടെ വോട്ട് നീക്കംചെയ്തിട്ടില്ല.

    പേര് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നെന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് കാരണമെന്നും ചെന്നിത്തലയുടെ ഓഫിസ് അറിയിച്ചു. ഇരട്ട വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

    ഇതിനിടെ, കഴക്കൂട്ടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ് എസ് ലാലിന് രണ്ടിടത്ത് വോട്ടുണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തി. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 170 നമ്പര്‍ ബൂത്തിലാണ് രണ്ട് വോട്ടുകളുള്ളത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ പിഴവാണെന്നും പുതിയ തിരഞ്ഞെടുപ്പ് കാര്‍ഡിന് അപേക്ഷ നല്‍കിയപ്പോള്‍ പഴയ നമ്പര്‍ മാറ്റിയില്ലെന്നുമാണ് ലാലിന്റെ വിശദീകരണം. നേരത്തേ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കും രണ്ടിടത്ത് വോട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Chennithala's mother also gets double vote

Tags: