സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, എം എസ് ഗോഗുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Update: 2021-04-16 01:43 GMT

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, എം എസ് ഗോഗുല്‍ എന്നിവരാണ് അറസ്റ്റിലായത്. പാലാരിവട്ടം പോലിസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് കല്ലൂര്‍ മൈട്രോ സ്‌റ്റേഷന്‍ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ ദമ്പതികള്‍ വിളിച്ചുവരുത്തിയത്. കാറില്‍ ബലമായി കയറ്റിയ ഇവര്‍ മുഖത്ത് മുളക് സ്‌പ്രേ അടിച്ച് പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെണ്‍കുട്ടിയെ ഇറക്കിവിട്ടു.

വൈറ്റിലയില്‍ നിന്ന് സമാനമായ രീതിയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് 20,000 രൂപ ദമ്പതികള്‍ കവര്‍ന്നിരുന്നു. ഇരുവരുടെയും പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലിസ് തൃപ്പൂണിത്തുറയില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഡ്രൈവര്‍ അമ്പാടി ഒളിവിലാണ്.


Tags:    

Similar News