അഞ്ച് സംസ്ഥാനങ്ങളില്‍ അധികാരം നഷ്ടപ്പെട്ടു; ഹിന്ദി ബെല്‍റ്റിലും കാലിടറി ബിജെപി
2017 ഡിസംബര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ബിജെപി ഭരണത്തിന് കീഴിലായിരുന്നു. എന്നാല്‍ കൃത്യം രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതു 40 ശതമാനത്തിനും താഴേക്ക് പോകുകയാണ്.
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അധികാരം നഷ്ടമായതിന്റെ ക്ഷീണം മാറും മുമ്പ് ജാര്‍ഖണ്ഡിലും തിരിച്ചടിയേറ്റ ബിജെപിക്ക് ഹിന്ദി ബെല്‍റ്റില്‍ കരുത്ത് കുറയുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് അധികാരം നഷ്ടമായത്. 2017 ഡിസംബര്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 70 ശതമാനവും ബിജെപി ഭരണത്തിന് കീഴിലായിരുന്നു. എന്നാല്‍ കൃത്യം രണ്ട് വര്‍ഷം കഴിയുമ്പോള്‍ ഇതു 40 ശതമാനത്തിനും താഴേക്ക് പോകുകയാണ്.
2014ല്‍ 37 സീറ്റ് നേടി അധികാരത്തിലെത്തിയ ബിജെപി 25 സീറ്റിലേക്ക് വീഴുന്ന കാഴ്ചയാണ് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ കണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച മാറിയതും മുഖ്യമന്ത്രി രഘുബര്‍ ദാസും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷമണ്‍ ഗിലുവയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും ബിജെപിക്ക് ഇരട്ട പ്രഹരമായി. മന്ത്രിമാരുടെ കൂട്ടത്തോല്‍വിയും നഗരമേഖലയിലുണ്ടായ തിരിച്ചടിയും വിരല്‍ ചൂണ്ടുന്നത് ശക്തമായ ഭരണവിരുദ്ധ വികാരത്തിലേക്ക് കൂടിയാണ്.
81 സീറ്റുകളിലേക്കുള്ള ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായാണ് നടന്നത്. ഇതില്‍ അവസാനത്തെ രണ്ട് ഘട്ടങ്ങളിലായി 31 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമായിരുന്നു. ഈ ഘട്ടത്തില്‍ ജാര്‍ഖണ്ഡില്‍ പ്രചാരണത്തിന് എത്തിയപ്പോള്‍ ആണ് വസ്ത്രം നോക്കി പ്രക്ഷോഭകാരികളിലെ അക്രമികളെ തിരിച്ചറിയാം എന്ന പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയത്.
ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു അവസാന രണ്ട് ഘട്ടത്തിലും വോട്ടെടുപ്പ് നടന്നതെങ്കിലും ആകെയുള്ള 31 സീറ്റുകളില്‍ 12 എണ്ണം മാത്രമാണ് ജയിക്കാനായത്. അയോധ്യ കേസില്‍ അന്തിമവിധി വന്ന ശേഷം നടന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ജാര്‍ഖണ്ഡിലേത്.
കശ്മീരിലെ 370ാം വകുപ്പ് എടുത്തു കളയല്‍, കശ്മീര്‍ വിഭജനം, രാമക്ഷേത്ര നിര്‍മാണം, പൗരത്വ നിയമ ഭേദഗതി തുടങ്ങി ബിജെപിയുടെ മുസ്‌ലിം വിരുദ്ധ അജന്‍ഡകള്‍ പലതും നടപ്പിലായിട്ടും ജാര്‍ഖണ്ഡില്‍ പരാജയം നേരിട്ടത് ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തും എന്നുറപ്പാണ്. ആറ് മാസം മുന്‍പ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ 14 സീറ്റിലും 12ഉം നേടിയ അവസ്ഥയില്‍ നിന്നാണ് ഈ തിരിച്ചടി.
ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന ബീഹാറിലും ഒഡീഷയിലും തെരഞ്ഞെടുപ്പ് ഫലം സ്വാധീനമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു. ജാര്‍ഖണ്ഡിലേത് പോലെ മുസ്‌ലിം-യാദവ വോട്ടുകളുടെ ധ്രുവീകരണമുണ്ടായാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും. പാര്‍ലമെന്റില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്ന ഒഡീഷയിലെ ബിജു ജനതാദളിനും ജാര്‍ഖണ്ഡ് ഫലം തിരിച്ചടിയാകും.

