മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെ; സിഎഎ പ്രതിഷേധ കേസുകള്‍ പിന്‍വലിച്ചില്ലെന്ന് ചാണ്ടി ഉമ്മന്‍

Update: 2022-01-05 17:46 GMT

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. കേരള മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നതിന് ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവമെന്ന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അത്തരത്തിലുള്ള കേസുകളില്‍ ഉള്‍പ്പെട്ട 57 പേര്‍ക്ക് എതിരെയുള്ള വിചാരണ ആരംഭിച്ചെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പില്‍ പറയുന്നു.

Full View

ശബരിമല യുവതീ പ്രവേശം, പൗരത്വ നിയമഭേദഗതി എന്നിവക്കെതിരെ സംസ്ഥാനത്തുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഗുരുതരക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്നാണ് കഴിഞ്ഞ ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത്. കേസുകളുടെ നിലവിലെ സ്ഥിതിയും ക്രിമിനല്‍ സ്വഭാവവും പരിഗണിച്ച് നടപടിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഐജിയുടെ നേത്യത്വത്തിലുള്ള കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 836 കേസുകളില്‍ 13 കേസുകള്‍ മാത്രമാണ് ഇതുവരെ പിന്‍വലിച്ചതെന്ന് അന്ന് വി ഡി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2636 കേസുകളാണ് സംസ്ഥാനത്ത് ആകെ രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News