'ഒരു രാജ്യം ഒരേ ദിവസം ശമ്പളം' പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ഇതുസംബന്ധിച്ച നിയമനിര്‍മാണം ഉടന്‍ പാസാകുമെന്നും തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വര്‍ പറഞ്ഞു.

Update: 2019-11-16 12:22 GMT

ന്യൂഡല്‍ഹി: സംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ താല്‍പര്യ സംരക്ഷണത്തിന് 'വണ്‍ നേഷന്‍, വണ്‍ പേ ഡേ' (ഒരു രാജ്യം, ഒരേ ദിവസം ശമ്പളം) പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം പദ്ധതിയിടുന്നതായി തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വര്‍. ഇതുസംബന്ധിച്ച നിയമനിര്‍മാണം ഉടന്‍ പാസാകുമെന്നും മന്ത്രി പറഞ്ഞു.

സമയബന്ധിതമായി ശമ്പളം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച നിയമനിര്‍മാണം സാധ്യമാക്കണമെന്ന ആഗ്രഹമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ചതെന്ന് സന്തോഷ് ഗാങ്‌വര്‍ പറഞ്ഞു. സെക്യൂരിറ്റി ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ സംസരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ സുരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാനുളള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മന്ത്രി പറഞ്ഞു.

സങ്കീര്‍ണമായ 44 തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനായുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഈ നിയമങ്ങള്‍ കൂടുതല്‍ ഫലപ്രദവും ഉപയോഗപ്രദവുമാക്കാന്‍ എല്ലാ വിഭാഗങ്ങളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

തൊഴില്‍മേഖലയില്‍ വ്യാപകമായ പരിഷ്‌കരണ നടപടികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. വേജ് കോഡ് ഉള്‍പ്പെടെ തൊഴില്‍ മേഖലയില്‍ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടുളള വിവിധ കോഡ് ബില്ലുകള്‍ ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റ് ഇതിനോടകം വേജ് കോഡ് ബില്‍ പാസാക്കി കഴിഞ്ഞു. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായി ചട്ടങ്ങള്‍ക്ക് രൂപം നല്‍കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്.

Tags:    

Similar News