വഖഫ് ബോര്‍ഡ് പ്രവര്‍ത്തനരഹിതം, പദ്ധതികളും ധനസഹായവും നല്‍കുന്നത്പുനരാലോചിക്കേണ്ടി വരുമെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍

ബോര്‍ഡില്‍ രാഷ്ട്രീയ അതിപ്രസരമാണ്. വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു ക്ഷേമപദ്ധതികളും നടക്കുന്നില്ല. കേസുകളും പരാതികളും കെട്ടിക്കിടക്കുകയാണ്. ക്ഷേമപദ്ധതികള്‍ അവതാളത്തിലായി. കേന്ദ്ര വഖഫ് കൗണ്‍സില്‍ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ.ടി ഒ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

Update: 2021-07-07 08:45 GMT

കൊച്ചി: രാഷ്ട്രീയ വിഭാഗീയതയും ചേരിതിരിവും മൂലം സംസ്ഥാന വഖഫ് ബോര്‍ഡ് കഴിഞ്ഞ ആറ് മാസമായി പ്രവര്‍ത്തന രഹിതമാണെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ അംഗം അഡ്വ.ടി ഒ നൗഷാദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിരമിക്കല്‍ കാലാവധി നീട്ടിനല്‍കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടരുന്ന സിഇ ഒയും ബോര്‍ഡ് ചെയര്‍മാനുമായി നടക്കുന്ന പഴിചാരല്‍ വഖഫ് ബോര്‍ഡിനെ തകര്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കാഴ്ച്ക്കാരായി നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബോര്‍ഡില്‍ രാഷ്ട്രീയ അതിപ്രസരമാണ്. വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്നിട്ട് മാസങ്ങളായി. ഒരു ക്ഷേമപദ്ധതികളും നടക്കുന്നില്ല. കേസുകളും പരാതികളും കെട്ടിക്കിടക്കുകയാണ്. ക്ഷേമപദ്ധതികള്‍ അവതാളത്തിലായി. കേന്ദ്ര വഖഫ് കൗണ്‍സില്‍ രാജ്യവ്യാപകമായി നടപ്പാക്കി വരുന്ന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ പതിനഞ്ച് ജീവനക്കാരെയാണ് കേന്ദ്ര വഖഫ് കൗണ്‍സില്‍ ശമ്പളം നല്‍കി നിയമിച്ചിരിക്കുന്നത്.

വഖഫ് വസ്തുവകകളുടെ ജി പി എസ് മാപ്പിംഗ് പ്രക്രിയ ഇഴഞ്ഞു നീങ്ങുകയാണെന്നും അഡ്വ. നൗഷാദ് ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായ സി ഇ ഒയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. വഖഫ് ബോര്‍ഡ് പിരിച്ചു വിടാനുള്ള അധികാരവും സംസ്ഥാന സര്‍ക്കാരിനുണ്ട്. വഖഫ് ബോര്‍ഡ് തകര്‍ക്കാനുള്ള സര്‍ക്കാര്‍ ഗൂഢനീക്കമാണോ നടക്കുന്നതെന്നും സംശയമുയരുന്നുണ്ട്.

സംസ്ഥാന വഖഫ് ബോര്‍ഡ് നിര്‍ജീവമായി തുടര്‍ന്നാല്‍ വഖഫ് വികസനത്തിന് വേണ്ടി കേന്ദ്ര വഖഫ് കൗണ്‍സില്‍ നല്‍കി വരുന്ന തുകകളും പദ്ധതികളും തുടര്‍ന്നും നല്‍കുന്നത് പുനരാലോചിക്കേണ്ടി വരുമെന്നും അഡ്വ. നൗഷാദ് പറഞ്ഞു.വിഷയത്തില്‍ കേരളത്തിലെ മുസ് ലിം സമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News