ട്രാഫിക് പിഴത്തുക വെട്ടിക്കുറച്ച കേരളത്തിന്റെ നടപടിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

കേരള സര്‍ക്കാരിന്റെ നടപടി അംഗീകരിച്ചതായി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്തു നല്‍കി.

Update: 2020-01-22 10:04 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ മോട്ടോര്‍ വാഹന പിഴത്തുക കുറയ്ക്കാനുള്ള കേരളത്തിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. കേരള സര്‍ക്കാരിന്റെ നടപടി അംഗീകരിച്ചതായി അറിയിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്തു നല്‍കി. ഒരു സംസ്ഥാനം മാത്രം പിഴ കുറച്ചത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ ബുദ്ധിമുട്ട് വ്യക്തമാക്കി സര്‍ക്കാര്‍ കേന്ദ്രമന്ത്രിയ്ക്ക് കത്തയയ്ക്കുകയായിരുന്നു.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ വര്‍ധിപ്പിച്ചത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ കുറവു വരുത്തിയെങ്കിലും ഇത് അനുവദിക്കാനാവില്ലന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം. സംസ്ഥാന സര്‍ക്കാരുകള്‍ നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും വ്യക്തമാക്കിയിരുന്നു.

ട്രാഫിക് നിയമങ്ങളുടെ ലംഘനത്തിനുള്ള പിഴ പത്തിരട്ടിയായായിരുന്നു കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ കേന്ദ്രം നിയമഭേദഗതി പാസാക്കിയ ഉടന്‍ തന്നെ കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ ഉയര്‍ന്ന പിഴയ്‌ക്കെതിരേ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ മോട്ടോര്‍ വാഹന വകുപ്പിന് വാഹന പരിശോധന നിര്‍ത്തി വെക്കേണ്ടതായും വന്നു. തുടര്‍ന്ന് പിഴശിക്ഷ സംബന്ധിച്ച നിയമ ഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാതെ വാഹനമോടിക്കുന്നതിന് പിഴ ശിക്ഷ ആയിരത്തില്‍ നിന്ന് 500 രൂപയായാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. വേഗപരിധി മറികടന്ന് വാഹനമോടിച്ചാല്‍ ആദ്യ തവണ 1500 രൂപയും രണ്ടാമത്തെ തവണ 3000 രൂപയും ഈടാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിയമം. ഇതും പകുതിയായി കുറച്ചു. വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്‌ല പിഴ 10000 രൂപയാക്കി കുറച്ചു. എന്നാല്‍ മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നതിനുള്ള പിഴ ശിക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല.

Tags:    

Similar News