കേന്ദ്രസര്‍ക്കാര്‍ ഇഐഎ വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: എസ്ഡിപിഐ

കൊവിഡ് 19 ലോക്ക്ഡൗണിന്റെ മറവില്‍ ഭേദഗതികള്‍ തിടുക്കത്തില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും റിയോ പ്രഖ്യാപനത്തിന്റെ 10ാം തത്ത്വത്തിന് അനുസൃതമായി ചര്‍ച്ചയിലും തീരുമാനമെടുക്കലിലും പങ്കാളികളാകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്നും ഫൈസി അഭ്യര്‍ത്ഥിച്ചു.

Update: 2020-07-26 16:08 GMT

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയെയും പ്രകൃതിയെയും അസ്ഥിരപ്പെടുത്താനിടയാവുന്ന എണ്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്‌മെന്റ് (ഇഐഎ) വിജ്ഞാപനം 2020 ബന്ധപ്പെട്ടവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അവസരം നല്‍കാതെ നടപ്പാക്കുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി.

ഖനികള്‍, അടിസ്ഥാന പദ്ധതികളായ റോഡുകള്‍, ഹൈവേകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, താപവൈദ്യുത നിലയങ്ങള്‍, അണക്കെട്ടുകള്‍, ഇലക്ട്രോപ്ലേറ്റിംഗ്, ഫൗണ്ടറി യൂനിറ്റുകള്‍ തുടങ്ങിയ വ്യവസായങ്ങള്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്ക് ഇഐഎ നിര്‍ബന്ധമാണ്. 1978 ല്‍ ആദ്യമായി നടപ്പിലാക്കിയ ഇഐഎയില്‍ പിന്നീട് ചെറിയ ഭേദഗതികള്‍ വരുത്തി. ഏറ്റവും പുതിയ ഭേദഗതി 2006 ലാണ് പാസാക്കിയത്.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2006 ലെ വിജ്ഞാപനത്തില്‍ ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഭേദഗതികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തതല്ലാതെ കൂടുതല്‍ പ്രചാരണം നല്‍കാതെ രാജ്യവ്യാപകമായി ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ് 2020 മാര്‍ച്ച് 23ന് വിജ്ഞാപനം പുറത്തിറക്കിയത്. ഇത് റിയോ പ്രഖ്യാപനത്തിലെ 10 ാം തത്വത്തിന്റെയും പ്രകൃതി നീതിയുടെയും നഗ്‌നമായ ലംഘനമാണ്. കമ്പനികള്‍ക്ക് മേലില്‍ പൊതുഹിയറിംഗ് ആവശ്യമില്ല. കമ്പനികള്‍ ഓരോ ആറുമാസത്തിലും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതില്ല, വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതി, പൊതുഹിയറിംഗിനിടെ പൊതുപ്രതികരണം സമര്‍പ്പിക്കുന്നതിന് 30 ദിവസം എന്നത് 20 ദിവസമായി കുറയ്ക്കുക, പബ്ലിക് ഹിയറിംഗ് പ്രക്രിയ 45 ദിവസത്തിന് പകരം 40 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം തുടങ്ങിയവയാണ്.

ജനങ്ങളുടെയോ പരിസ്ഥിതി സംഘടനകളുടെയോ അനുമതിയില്ലാതെ പദ്ധതികള്‍ നടപ്പാക്കാന്‍ കമ്പനികളെ ഇതു പ്രാപ്തമാക്കുന്നു. ഇത് തീര്‍ച്ചയായും പാരിസ്ഥിതിക നാശത്തിനൊപ്പം ആളുകളെ വന്‍തോതില്‍ കുടിയിറക്കുകയും ചെയ്യും. ദുരിതബാധിതരുടെ പങ്കാളിത്തമില്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആദ്യ ഭേദഗതിയുടെ ഈ ഇളവ് ആസ്വദിക്കുന്ന കമ്പനികളില്‍ ആസിഡുകള്‍, പെയിന്റുകള്‍, രാസവളങ്ങള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കുന്ന രാസ വ്യവസായങ്ങള്‍ ഉള്‍പ്പെടുന്നു. അവ ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് ഹാനികരമായ വിഷ മാലിന്യങ്ങള്‍ പുറന്തള്ളുന്നു. ഈ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളുടെ മലിനീകരണത്തിനും വായുവിന്റെയും മണ്ണിന്റെയും ഗുണനിലവാരം കുറയ്ക്കുന്നതിനും കാരണമാകും. കംപ്ലയിന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഇളവ് നല്‍കുന്ന രണ്ടാമത്തെ ഭേദഗതി കമ്പനികളെ അവരുടെ വീഴ്ചകള്‍ മറച്ചുവെക്കാനും മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കാനും സഹായിക്കും. കമ്പനികള്‍ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരേ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ഇത് കൂടുതല്‍ ദുര്‍ബലമാക്കും.

അരേ ഫോറസ്റ്റ്, വേദാന്ത െ്രെപവറ്റ് ലിമിറ്റഡ് തൂത്തുക്കുടി തുടങ്ങിയ പ്രശ്‌നങ്ങളില്‍ തയ്യാറാക്കിയ വ്യാജ റിപ്പോര്‍ട്ടുകള്‍ ഇതിന് ഉദാഹരണങ്ങളാണ്്. ശക്തമായ നിയമങ്ങള്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്നിട്ടുപോലും തൂത്തുക്കുടിയില്‍ 13 പ്രതിഷേധക്കാരെയാണ് പോലീസ് വെടിവച്ച് കൊന്നത്. മൂന്നാമത്തെ നിര്‍ദ്ദേശം, പദ്ധതിയെ ബാധിക്കുന്ന ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തയ്യാറാക്കാനും അവതരിപ്പിക്കാനും മതിയായ സമയം നിഷേധിക്കുന്നു എന്നതാണ്. കൂടാതെ അത്തരം പൊതുഹിയറിംഗുകളെ പരിഹാസ്യമാക്കുന്നു.

കൊവിഡ് 19 ലോക്ക്ഡൗണിന്റെ മറവില്‍ ഭേദഗതികള്‍ തിടുക്കത്തില്‍ നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും റിയോ പ്രഖ്യാപനത്തിന്റെ 10ാം തത്ത്വത്തിന് അനുസൃതമായി ചര്‍ച്ചയിലും തീരുമാനമെടുക്കലിലും പങ്കാളികളാകാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്നും ഫൈസി അഭ്യര്‍ത്ഥിച്ചു.




Tags: