കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ നീക്കം

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളാണ് സ്വകാര്യ വല്‍കരിക്കുന്നത്. സ്വകാര്യ വല്‍കരണം യാത്രക്കാരെയാണ് ദോഷകരമായി ബാധിക്കുക. സേവന നിരക്കുകള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാവും.

Update: 2019-07-26 09:22 GMT

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യവത്കരിക്കുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂരിനേയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവത്കരണത്തിന്റെ നാലാംഘട്ടത്തിലാണ് കരിപ്പൂരിന്റെ പേരുള്ളത്. ദക്ഷിണേന്ത്യയില്‍ നിന്ന് തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ എന്നിവയും വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, പട്‌ന, ഇന്‍ഡോര്‍, റായ്പൂര്‍, റാഞ്ചി എയര്‍പോര്‍ട്ടുകളും ഈ പട്ടികയിലുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളങ്ങളാണ് സ്വകാര്യ വല്‍കരിക്കുന്നത്. സ്വകാര്യ വല്‍കരണം യാത്രക്കാരെയാണ് ദോഷകരമായി ബാധിക്കുക. സേവന നിരക്കുകള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നത് യാത്രക്കാര്‍ക്ക് തിരിച്ചടിയാവും.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുഴുവന്‍ വിശദാശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. സ്വകാര്യവത്കരണത്തിന് മുന്നോടിയായി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ആസ്തി,ശേഷി,സര്‍വീസുകള്‍,വരുമാനം എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സ്വകാര്യവത്കരണപട്ടികയിലുള്ള വിമാനത്താവളങ്ങളിലെ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ലാഭകരമായ വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിലവില്‍ കരിപ്പൂര്‍ പത്താംസ്ഥാനത്താണ്. വലിയ വിമാനങ്ങളുടെ സര്‍വ്വീസ് വീണ്ടും തുടങ്ങുന്നതോടെ കരിപ്പൂര്‍ നാലാംസ്ഥാനത്തേക്ക് ഉയരുമെന്നാണ് പ്രതീക്ഷ. സ്വകാര്യവത്കരണം നടത്തുന്നത് മെച്ചപ്പെട്ട സേവനം,സാങ്കേതിക മേന്‍മ എന്നിവ ഉറപ്പ് വരുത്താനാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണ നീക്കവുമായി കേന്ദ്രം ഏറെ മുന്നിലാണ്. ഈ വിമാതാവളം അന്‍പത് വര്‍ഷത്തിന് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല.

Tags:    

Similar News