ഉള്ളിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം; നടപടി ഉള്ളിവില നിയന്ത്രിക്കാൻ

രാജ്യത്തെ മൊത്തവിതരണ കേന്ദ്രങ്ങളിൽ ഉള്ളിയുടെ സ്റ്റോക്കെത്തുന്നതിൽ വലിയ കുറവാണുള്ളത്. ഉള്ളിവില കുത്തനെ കൂടാനുള്ള കാരണവും ഇതാണ്.

Update: 2019-09-29 10:19 GMT

ന്യുഡൽഹി: രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ഉള്ളി വില നിയന്ത്രിക്കാൻ വിപണിയിൽ ഉള്ളിയുടെ ലഭ്യത കൂട്ടാനാണ് നിരോധനം ഏർപ്പെടുത്തിയത്.

ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഉള്ളിവിലക്കയറ്റത്തിൽ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. മൊത്തവിലയെ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ കഴിഞ്ഞ നാല് വർഷം ഇന്ത്യയിലുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് സെപ്റ്റംബർ ആദ്യവാരം രേഖപ്പെടുത്തിയത്. ഡൽഹിയിലും മുംബൈയിലുമടക്കം മെട്രോ നഗരങ്ങളിൽ ആപ്പിളിനേക്കാൾ വിലയുണ്ട് ഉള്ളിയ്ക്ക്.

രാജ്യത്തെ മൊത്തവിതരണ കേന്ദ്രങ്ങളിൽ ഉള്ളിയുടെ സ്റ്റോക്കെത്തുന്നതിൽ വലിയ കുറവാണുള്ളത്. ഉള്ളിവില കുത്തനെ കൂടാനുള്ള കാരണവും ഇതാണ്. മഹാരാഷ്ട്രയിലുണ്ടായ വൻപ്രളയവും ഉള്ളിയുടെ ലഭ്യത കുറയാനിടയാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ ഉള്ളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഉത്തരേന്ത്യയിൽ ഇപ്പോഴും തുടരുന്ന ശക്തമായ മഴ ഉള്ളി ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ഡൽഹി സർക്കാർ വൻതോതിൽ ഉള്ളി എത്തിച്ച് കുറഞ്ഞ വിലയ്ക്ക് മദർ ഡയറിയും മറ്റ് സ്റ്റോറുകളും വഴി വിറ്റിരുന്നു. മൊബൈൽ വാനുകളിലൂടെയും റേഷൻ കടകളിലൂടെയും ഒരാൾക്ക് 23 രൂപ നിരക്കിൽ മാസം അഞ്ച് കിലോ ഉള്ളിയാണ് കെജ്‍രിവാൾ സ‍ർക്കാർ ഇപ്പോൾ നൽകുന്നത്.

Tags:    

Similar News