തിരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ മുന്‍ഗണനാ പട്ടിക കേന്ദ്രം പ്രസിദ്ധീകരിക്കണം: എസ് ഡിപിഐ

Update: 2020-05-10 15:26 GMT

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തില്‍ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച വന്ദേ ഭാരത് മിഷന്‍ വഴി തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക അടിയന്തരമായി പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ് ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കാനുള്ള കാരണവും വ്യക്തമാക്കണം. മാനദണ്ഡങ്ങള്‍ മറികടന്ന് അനര്‍ഹര്‍ പട്ടികയില്‍ ഇടംനേടി നാട്ടിലെത്തിയ വിവരം പുറത്തുവന്നിരിക്കുകയാണ്.

    സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതിയായ ബി ആര്‍ ഷെട്ടിയുടെ കമ്പനി സിഇഒ ആയിരുന്ന സുരേഷ് കൃഷ്ണമൂര്‍ത്തിയും കുടുംബവും വീട്ടുജോലിക്കാരിയും എങ്ങനെ ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലെത്തി എന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദമാക്കണം. മലയാളിയായ കേന്ദ്രമന്ത്രി വി മുരളീധരന്റെ അനധികൃത ഇടപെടലാണ് സുരേഷ് കൃഷ്ണമൂര്‍ത്തിയെയും കുടുംബത്തെയും തിരുകിക്കയറ്റി നാട്ടിലെത്തിച്ചതെന്നാണ് ആക്ഷേപം. വിസാ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഗര്‍ഭിണികള്‍, രോഗികള്‍, അടിയന്തരമായി ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികില്‍സ ലഭിക്കേണ്ടവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന എന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഗര്‍ഭിണികളും രോഗികളും വരെ തഴയപ്പെട്ടപ്പോള്‍, സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായവര്‍ പട്ടികയില്‍ ഇടം നേടിയത് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ മൂലമാണെന്ന് സംശയിക്കുന്നതായും അതിനാല്‍ മുന്‍ഗണനാ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.


Tags: