പൗരത്വം, ദേശീയത, മതേതരത്വം പാഠഭാഗങ്ങള്‍ ഒഴിവാക്കി സിബിഎസ്ഇ സിലിബസ്

‘പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യമായി വരുന്നത് എന്തു കൊണ്ട്?’, ‘ഇന്ത്യയിലെ തദ്ദേശഭരണത്തിന്റെ വളർച്ച’ എന്നിവയുൾപ്പെടെയുള്ള ഉപവിഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Update: 2020-07-08 01:08 GMT

ന്യൂഡൽഹി: സിബിഎസ്ഇ 11-ാം ക്ലാസിലെ സിലബസിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ പൂർണ്ണമായും ഒഴിവാക്കി. അടുത്ത അധ്യയന വർഷത്തേക്കുള്ള പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിലാണ് മാറ്റംവരുത്തിയിരിക്കുന്നത്.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സിലബസ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം.

ഇവ കൂടാതെ, 'പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യമായി വരുന്നത് എന്തു കൊണ്ട്?', 'ഇന്ത്യയിലെ തദ്ദേശഭരണത്തിന്റെ വളർച്ച' എന്നിവയുൾപ്പെടെയുള്ള ഉപവിഭാഗങ്ങളും പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. കൊവിഡ്‌ ബാധയെ തുടര്‍ന്ന് സ്കൂളുകൾ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ഉണ്ടായ അക്കാദമിക് നഷ്ടം പരിഹരിക്കുന്നതിനായി 9 മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30 ശതമാനം കുറയ്ക്കണമെന്ന് എച്ച്ആർഡി മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെടുകയായിരുന്നു.

ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകൾക്കുള്ള സിലബസ് 30 ശതമാനം കുറയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആർഡി) കേന്ദ്ര ബോർഡിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടവരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിച്ച ശേഷമാണ് തീരുമാനം. പലയിടങ്ങളില്‍ നിന്നായി 1,500ലധികം നിർദേശങ്ങൾ ലഭിച്ചതായി മാനവ വിഭവശേഷി മന്ത്രി മന്ത്രി ട്വീറ്റിലൂടെ അറിയിച്ചിരുന്നു.

പഠനനേട്ടത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും, പ്രധാന ആശയങ്ങൾ നിലനിർത്തിക്കൊണ്ടും സിലബസ് 30 ശതമാനം വരെ കുറയ്ക്കാന്‍ തീരുമാനിച്ചു. രാജ്യത്തും ലോകത്തും നിലനിൽക്കുന്ന അസാധാരണമായ സാഹചര്യം നോക്കുമ്പോൾ, പാഠ്യപദ്ധതി പരിഷ്കരിക്കാനും ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പഠന ഭാരം കുറയ്ക്കാനും സിബിഎസ്ഇയോട് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

Similar News