ചിദംബരത്തിന്റെ വീടിന് മുമ്പില്‍ സിബിഐ നോട്ടീസ് പതിച്ചു; രണ്ടു മണിക്കൂറിനകം ഹാജരാവണം

ഡല്‍ഹി ജോര്‍ബാഗിലുള്ള വസതിക്ക് മുമ്പിലാണ് നോട്ടിസ് പതിച്ചത്.

Update: 2019-08-20 19:29 GMT

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവായ പി ചിദംബരത്തിനെതിരായ കുരുക്ക് മുറുക്കി സിബിഐ. രണ്ട് മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ചിദംബരത്തിന്റെ വീടിനു മുമ്പില്‍ സിബിഐ നോട്ടീസ് പതിച്ചു. ഡല്‍ഹി ജോര്‍ബാഗിലുള്ള വസതിക്ക് മുമ്പിലാണ് നോട്ടിസ് പതിച്ചത്. നേരത്തെ ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

ഇതിന് പിന്നാലെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീട്ടിലെത്തിയെങ്കിലും വീട്ടില്‍ ഇല്ലെന്ന് വ്യക്തമായതോടെ മടങ്ങിയിരുന്നു. പിന്നാലെ നാലംഗ എന്‍ഫോഴ്‌സ്‌മെനന്റ് സംഘം സ്ഥലത്തെത്തി നോട്ടീസ് പതിക്കുകയായിരുന്നു.

ഡല്‍ഹി ഹൈക്കോടതി നടപടിക്കെതരേ ചിദംബരം സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സിബിഐയുടെ അപ്രതീക്ഷിത നീക്കം. അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സിബിഐ വാദം. ചിദംബരത്തിനെതിരേ നിരവധി തെളിവുകളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്ന് നിരീക്ഷിച്ച കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മുന്‍ ധനമന്ത്രിയായിരിക്കെ ചിദംബരം അനുമതി

നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തിനെതിരേ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരം കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു. ഇപ്പോള്‍ ഇദ്ദേഹം ജാമ്യത്തിലാണ്.

Tags:    

Similar News