മമതയ്‌ക്കെതിരേ പ്രതികാര നടപടി; കൊല്‍ക്കത്ത മുന്‍ പോലിസ് കമ്മീഷണര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ്
ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കുകയും പ്രതികളെ സരക്ഷിക്കുകയും ചെയ്തുവെന്നാണ് സിബിഐയുടെ ആരോപണം.
ന്യൂഡല്‍ഹി: മമത ബാനര്‍ജിയുടെ വിശ്വസ്തനും കൊല്‍ക്കത്ത മുന്‍ പോലിസ് കമ്മിഷണറുമായിരുന്ന രാജീവ് കുമാറിനെതിരേ സിബിഐ ലുക്കൗട്ട് സര്‍ക്കുലര്‍. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജീവ് കുമാര്‍ തെളിവ് നശിപ്പിക്കുകയും പ്രതികളെ സരക്ഷിക്കുകയും ചെയ്തുവെന്നാണ് സിബിഐയുടെ ആരോപണം. അതുകൊണ്ട് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്.
അദ്ദേഹം വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായിരുന്നു 2500 കോടിരൂപയുടെ ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് അന്വേഷിച്ചിരുന്നത്.
2013 ല്‍ മമത ബാനര്‍ജിയാണ് രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടര്‍ന്ന് 2014 ല്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു. പശ്ചിമ ബംഗാള്‍ പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് മമതാ ബാനര്‍ജി കടുത്ത പ്രതിരോധമുയര്‍ത്തിയിരുന്നു. അമിത് ഷായെ ഇറക്കി വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമത്തെ റാലികള്‍ നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെയാണ് മമത നേരിട്ടത്.