അഴിമതി: സായി ഡയറക്ടര്‍ എസ് കെ ശര്‍മ അറസ്റ്റില്‍

സായി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്.

Update: 2019-01-17 16:38 GMT

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) ഡയറക്ടര്‍ ഉള്‍പ്പടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സായി ഡയറക്ടര്‍ എസ് കെ ശര്‍മ അടക്കം നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്.

സ്‌പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഡല്‍ഹി ലോഥി ഏരിയയിലെ സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫിസില്‍ സിബിഐ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്.

എസ് കെ ശര്‍മയെ കൂടാതെ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫിസര്‍ ഹരീന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, യുഡിസി വി കെ ശര്‍മ, സ്വകാര്യ കരാറുകാരന്‍ മന്‍ദീപ് അഹൂജ, അദ്ദേഹത്തിന്റെ തൊഴിലാളി യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. 19 ലക്ഷം രൂപയുടെ ബില്ല് ക്ലിയര്‍ ചെയ്യുന്നതിന് മൂന്ന് ശതമാനം കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് നടപടി. വൈകീട്ട് അഞ്ച് മണിയോട് കൂടിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ സായ് ആസ്ഥാനത്ത് എത്തിയത്. തുടര്‍ന്ന് കെട്ടിടം മുഴുവന്‍ സീല്‍ ചെയ്ത് പരിശോധന നടത്തുകയും ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു.

Tags:    

Similar News