ബാബരി ലഘുലേഖ വിതരണം ചെയ്തവര്‍ക്കെതിരേ കേസ്: സിപിഎം പിന്തുണയിലുള്ള പോലിസ് വേട്ട- സോളിഡാരിറ്റി

ബാബരി വിഷയത്തില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ വരെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അണികളും ഇടതുസര്‍ക്കാരും ബാബരി സംവാദങ്ങളെ തല്ലിയൊതുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു

Update: 2019-11-16 17:14 GMT

കണ്ണൂര്‍: ബാബരി വിധിയുമായി ബന്ധപ്പെട്ട് കതിരൂര്‍ അഞ്ചാംമൈലില്‍ പള്ളിക്ക് സമീപം ലഘുലേഖ വിതരണം ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സിപിഎം നടപടിയും 153 എ വകുപ്പ് ചേര്‍ത്ത് കേസെടുത്ത പോലിസ് നടപടിയും പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി ബി എം ഫര്‍മീസ്. നേരത്തേ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബാബരി വിഷയത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിച്ചവര്‍ക്കെതിരെയും പോലിസ് 153 എ പ്രകാരം കേസെടുത്തിട്ടുണ്ട്. വിയോജിക്കാനുള്ള ജനാധിപത്യാവകാശത്തെ തടയുന്ന ഭരണകൂട ഭീകരത അനുവദിക്കാനാവില്ല. ബാബരിയുമായി ബന്ധപ്പെട്ട വിധിയില്‍ വിവിധ തരത്തില്‍ വിയോജിപ്പുകളുള്ള ധാരാളം ആളുകള്‍ ഇവിടെയുണ്ട്. പലരും അത് വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അതെല്ലാം മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്ന് വാദിച്ച് അഭിപ്രായ സ്വാതന്ത്രത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ കേസുകള്‍ ഉടനെ പിന്‍വലിക്കണം. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പ്രതിസ്വരങ്ങളെ കായികമായി നേരിടുന്ന പ്രവണത നേരത്തേ തന്നെ ജില്ലയില്‍ വ്യാപകമാണ്. ഇപ്പോള്‍ പോലിസിനെ ഉപയോഗിച്ച് ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തി മറുശബ്ദങ്ങളെ നേരിടുന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. നിലപാടുകള്‍ തമ്മിലുള്ള സംവാദങ്ങള്‍ ഭയക്കുന്നവരാണ് ആയുധം കൊണ്ടും അധികാരം കൊണ്ടും ആശയങ്ങളെ നേരിടുന്നത്. ബാബരി വിഷയത്തില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ വരെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും അണികളും ഇടതുസര്‍ക്കാരും ബാബരി സംവാദങ്ങളെ തല്ലിയൊതുക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.



Tags: