തര്‍ക്കത്തിന് അയവില്ല; ഇന്ത്യയില്‍നിന്ന് 41 നയതന്ത്രജ്ഞരെ കാനഡ പിന്‍വലിച്ചു

Update: 2023-10-20 05:20 GMT

ഒട്ടാവ: സിഖ് ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തര്‍ക്കത്തിന് അയവില്ല. ഇന്ത്യയിലെ 41 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു. നേരത്തേ ഇവരുടെ പരിരക്ഷ ഒഴിവാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചത്. ഇന്ത്യയുടെ നടപടിയെ കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരുടെ നയതന്ത്ര പ്രതിരോധം റദ്ദാക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്നും പിന്‍വലിച്ച നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് സുരക്ഷിതമായി പുറപ്പെടാന്‍ സൗകര്യമൊരുക്കിയതായും അവര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വഷളാവരുതെന്നാണ് കാനഡ ആഗ്രഹിക്കുന്നത്. അതിനാല്‍തന്നെ പ്രതികാരത്തിന് മുതിരുന്നില്ല. ഇന്ത്യയുമായുള്ള ബന്ധം തുടരുമെന്നും അവര്‍ പറഞ്ഞു. ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം. ഇതോടെ, ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാവുകയും ചെയ്തു. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തലാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. മാത്രമല്ല, ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.

Tags: