'യുദ്ധം നിര്‍ത്തണമെന്ന് പുടിനോട് ആവശ്യപ്പെടാന്‍ ഞങ്ങള്‍ക്ക് കഴിയുമോ ? സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളോട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്

Update: 2022-03-03 09:56 GMT

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിനോട് ആവശ്യപ്പെടാന്‍ കഴിയുമോയെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. യുക്രെയ്‌നിലെ യുദ്ധമുഖത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്ന വിഷയത്തില്‍ സുപ്രിംകോടതി ഇടപെടുന്നില്ലെന്ന സാമൂഹിക മാധ്യമങ്ങളിലെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. 'സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്താണ് ചെയ്യുന്നതെന്ന് പറയുന്ന ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ കണ്ടു! യുദ്ധം നിര്‍ത്താന്‍ എനിക്ക് റഷ്യന്‍ പ്രസിഡന്റിന് നിര്‍ദേശം നല്‍കാന്‍ കഴിയുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

യുക്രെയ്‌നില്‍ കുടുങ്ങിയ 200 ലധികം വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ മടക്കിക്കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ പരാമര്‍ശം. കിഴക്കന്‍ യുക്രെയ്‌നിലുള്ള വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റഷ്യന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ യുക്രെയ്‌നിലെ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ ആരോപിച്ചു. ആ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം.

റൊമാനിയയില്‍ നിന്നല്ല, പോളണ്ടില്‍നിന്നും ഹംഗറിയില്‍ നിന്നുമാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ സൗകര്യമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. മുപ്പതോളം വിദ്യാര്‍ഥിനികള്‍ അടക്കമുള്ളവര്‍ ഭക്ഷണം പോലും ലഭിക്കാതെ കഴിഞ്ഞ ആറ് ദിവസമായി യുക്രെയ്ന്‍ അതിര്‍ത്തിയില്‍ കഴിയുകയാണെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചിനോട് ഹരജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഏത് സര്‍ക്കാരിനോട് സുരക്ഷാ ഉറപ്പാക്കണമെന്നാണ് കോടതി നിര്‍ദേശം നല്‍കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ ആരാഞ്ഞു. വിദ്യാര്‍ഥികളുടെ അവസ്ഥയില്‍ കോടതിക്ക് അവരോട് സഹതാപമുണ്ട്.

എന്നാല്‍, കോടതിക്ക് എന്ത് ചെയ്യാന്‍ കഴിയും- ബെഞ്ച് പറഞ്ഞു. ുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ മടക്കി കൊണ്ട് വരാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് മാധ്യമവാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായാല്‍ ഒഴിപ്പിക്കല്‍ ദൗത്യം കൂടുതല്‍ ഫലപ്രദമായി കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്നാണ് പ്രതീക്ഷയെന്ന് ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

സുപ്രിംകോടതിയെ സമീപിച്ച യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള സഹായം നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. റൊമാനിയന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. നിലവില്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് കടക്കാന്‍ വിദ്യാര്‍ഥികളെ യുക്രെയ്ന്‍ അനുവദിക്കുന്നതായി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

ഒഴിപ്പിക്കല്‍ ദൗത്യം ഏകോപിപ്പിക്കുന്നതിനയി കേന്ദ്രമന്ത്രിമാരെ യുക്രെയ്‌ന്റെ അയല്‍ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വിശദീകരിച്ചു. ഏകദേശം 8,000 ഇന്ത്യക്കാര്‍ പ്രധാനമായും വിദ്യാര്‍ഥികള്‍, ഇപ്പോഴും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല ചൊവ്വാഴ്ച പറഞ്ഞത്.




Tags:    

Similar News