'ഒരുതുറന്ന യുദ്ധത്തിന് നമ്മള്‍ തയ്യാറാവണം'; കണ്ണൂരില്‍ കലാപാഹ്വാനം നടത്തിയ യുവമോര്‍ച്ച നേതാവിനെതിരേ കേസ്

Update: 2022-09-24 05:59 GMT

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തില്‍ കലാപാഹ്വാനം നടത്തിയതിന് പാനൂരില്‍ യുവമോര്‍ച്ചാ നേതാവിനെതിരേ പോലിസ് കേസെടുത്തു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സ്മിന്ദേഷിനെതിരേയാണ് പാനൂര്‍ പോലിസ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ തലേദിവസം വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ഹര്‍ത്താല്‍ ദിനത്തില്‍ സംഘടിക്കാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ആഹ്വാനം നല്‍കുകയും മതസ്പര്‍ധ വളര്‍ത്തുന്നരീതിയിലുള്ള ശബ്ദസന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് പോലിസ് നടപടി.

കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ഹര്‍ത്താലിനെതിരേ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്നും എസ്ഡിപിഐക്കെതിരേ തുറന്ന യുദ്ധത്തിന് നമ്മള്‍ തയ്യാറാവണമെന്നും ശബ്ദസന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ആറരയ്ക്ക് പാനൂരിലും സമീപപ്രദേശങ്ങളിലുമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പാനൂരിലെത്തണമെന്നായിരുന്നു യുവമോര്‍ച്ച നേതാവ് വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്.

'നമ്മുടെ ദേശീയതയെ പുല്‍കുന്ന മുഴുവന്‍ ആളുകളെയും പാനൂരിലേക്ക് സ്വാഗതം ചെയ്യുകയാണ്. കടകള്‍ അടപ്പിക്കണമെന്ന് പറഞ്ഞ് രണ്ടുമൂന്ന് എസ് ഡിപിഐ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നമ്മുടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എല്ലാ കടകളിലും കയറി കട തുറക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എല്ലാ ആളുകളും സാധാരണ ദിവസം പോലെ പാനൂരിലെത്തണം. ഇവിടെ കടകള്‍ തുറക്കും. വാഹനങ്ങളോടും, എല്ലാം സാധാരണപോലെ ഉണ്ടാവും. അവര്‍ക്ക് ആവശ്യമായ സംരക്ഷണം കൊടുക്കാന്‍ സംഘപരിവാറിന്റെ ചുണക്കുട്ടികളായ മുഴുവനാളുകളും രാവിലെ പാനൂരിലെത്തിച്ചേരണം. ഇത് നമ്മുടെ അഭിമാന പ്രശ്‌നമാണ്. ഇതിലും വലിയ കൊടുങ്കാറ്റും പേമാരിയും വന്നിട്ടും പാനൂരില്‍ വളര്‍ന്നുവന്ന നമ്മളെയാണ് വെല്ലുവിളിക്കുന്നത്. എസ്ഡിപിഐക്കെതിരേ തുറന്ന യുദ്ധത്തിന് നമ്മള്‍ തയ്യാറാവണം'-  യുവമോര്‍ച്ച നേതാവ് ആഹ്വാനം ചെയ്തു. പാനൂരിലെ ഭീകരവാദികള്‍ ഏതുരീതിയിലാണ് നമ്മളോട് പ്രതികരിക്കുന്നത് അതേ നാണയത്തില്‍ തിരിച്ച് അവരോടും മറുപടി കൊടുക്കാന്‍ തയ്യാറാവണം. ഹര്‍ത്താലാണെന്ന് കരുതി ആരും വീട്ടിലിരിക്കരുത്. നമുക്ക് ഹര്‍ത്താല്‍ ഇല്ല, അവര്‍ നടത്തുന്ന ഹര്‍ത്താല്‍ നമ്മളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ശബ്ദസന്ദേശത്തില്‍ യുവമോര്‍ച്ച നേതാവ് പറയുന്നു. ഇന്നലെ മുതല്‍ ഇയാളുടെ വാട്‌സ് ആപ്പ് സന്ദേശം വിവിധ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുകയും പോലിസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Tags: