കോഴിക്കോട് ജ്വല്ലറി കവര്‍ച്ച; കവര്‍ച്ചാ സംഘമെത്തിയത് നിറതോക്കുകളുമായി

ഓമശ്ശേരി ടൗണ്‍ ആരംഭിക്കുന്ന സ്ഥലത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇറങ്ങി ഓടിയ രണ്ടു പേരുടെ കൈകളിലും തോക്കുകള്‍ ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു.

Update: 2019-07-13 18:19 GMT

കോഴിക്കോട്: ഓമശ്ശേരി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കവര്‍ച്ചാ സംഘം എത്തിയത് കൃത്യമായ ആസുത്രണത്തോടെയെന്ന് അനുമാനം. ഇന്ന് വൈകീട്ട് ഏഴോടെയാണ് ഓമശ്ശേരിയിലെ ശാദി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ മുഖംമൂടി ധാരികളായ മൂന്നംഗ സംഘം നിറതോക്കും കത്തികളുമായി കവര്‍ച്ചയ്‌ക്കെത്തിയത്. മൂവരും ഇതര സംസ്ഥാനക്കാരാണെന്നാണ് അനുമാനം.

ഷോപ്പ് അടയ്ക്കുന്നതിനായി ജീവനക്കാര്‍ സ്‌റ്റോക്കെടുക്കുന്ന സമയത്താണ് പാതി താഴ്ത്തിയ ഷട്ടറിനകത്തൂടെ അപ്രതീക്ഷിതമായി സംഘമെത്തിയത്. തോക്കിന്‍മുനയില്‍ ജീവനക്കാരെ വിരട്ടി നിര്‍ത്തിയാണ് സംഘം കവര്‍ച്ച നടത്തിയത്. ഒരാള്‍ കൗണ്ടറിലുള്ള ജീവനക്കാരനു നേരെ തോക്ക് ചൂണ്ടുകയും മറ്റു രണ്ടു പേര്‍ കവര്‍ച്ച നടത്തുകയുമായിരുന്നു.വളകള്‍ ഇരിക്കുന്ന പെട്ടി അപ്പാടെ കൈക്കലാക്കിയ സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മനസാന്നിധ്യം വീണ്ടെടുത്ത ജ്വല്ലറി ജീവനക്കാര്‍ കവര്‍ച്ചാ സംഘത്തിനു നേരെ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇതിനിടെ രണ്ടു പേര്‍ രക്ഷപ്പെടുകയും കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ നിലത്തു വീഴുകയും ചെയ്തു.

ഓമശ്ശേരി ടൗണ്‍ ആരംഭിക്കുന്ന സ്ഥലത്താണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇറങ്ങി ഓടിയ രണ്ടു പേരുടെ കൈകളിലും തോക്കുകള്‍ ഉണ്ടായിരുന്നതായി ജീവനക്കാര്‍ പറയുന്നു.പരിക്കേറ്റ അക്രമിയെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു കീഴ്‌പെടുത്തി കൊടുവള്ളി പോലിസിന് കൈമാറി. ഇയാള്‍ അബോധാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോധം തെളിയാത്തതിനാല്‍ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. രക്ഷപ്പെട്ട രണ്ടു പേര്‍ക്കായി പോലിസ് തിരച്ചില്‍ ആരംഭിച്ചു. ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Tags:    

Similar News