'ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ല'; പൗരത്വ ബില്ലിനെതിരേ സോഷ്യല്‍ മീഡിയ

'ഞങ്ങളുടെ വിവേകത്തെ ചോദ്യം ചെയ്താല്‍ മുഖമടച്ച് മറുപടി നല്‍കും. ഭരണഘടനാനുസൃതമായി മുന്നോട്ട് പോകുന്ന രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്ന് ഓര്‍ത്താല്‍ നന്ന്.' എഴുത്തുകാരനും ബ്ലോഗറുമായ ഹന്‍സ് രാജ് മീണ പറഞ്ഞു.

Update: 2019-12-10 10:37 GMT
ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ കാംപയിന്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ബിജെപി സര്‍ക്കാരിനെതിരേയും അമിത് ഷാക്കെതിരേയും ട്രോളുകള്‍ വ്യാപകമായി. ഹാഷ് ടാഗ് കാംപയിനുകളും വ്യാപകമാണ്.

'കിസീകേ ബാപ്കാ ഭാരത് ഛോഡീ ഹൈ' (ഇന്ത്യ ആരുടെയും പിതാവിന്റെ വകയല്ല) എന്ന ഹാഷ് ടാഗ് ഇന്ത്യന്‍ ട്വിറ്ററില്‍ തരംഗമായി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നതിനും മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്തുന്നതിനുമെതിരായ സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

രാജ്യത്തുടനീളം മനുഷ്യാവകാശങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സിപിഎം ഡല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ ധര്‍ണ നടത്തിയിരുന്നു.

പൗരത്വ ഭേദഗതി ബില്ലിന്റെ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ പൗരന്മാരെയും ഡിഎന്‍എ പരിശോധനക്ക് വിധേയരാക്കണമെന്നും യൂറേഷ്യന്‍ ഡിഎന്‍എ ഉള്ളവരെ പുഷ്പക വിമാനത്തില്‍ അവിടേക്ക് തിരിച്ചയക്കണമെന്നും എഴുത്തുകാരനും ബ്ലോഗറുമായ ഹന്‍സ് രാജ് മീണ ആവശ്യപ്പെട്ടു. 'ഞങ്ങളുടെ വിവേകത്തെ ചോദ്യം ചെയ്താല്‍ മുഖമടച്ച് മറുപടി നല്‍കും. ഭരണഘടനാനുസൃതമായി മുന്നോട്ട് പോകുന്ന രാജ്യം ആരുടെയും പിതാവിന്റെ വകയല്ലെന്ന് ഓര്‍ത്താല്‍ നന്ന്.' അദ്ദേഹം കുറിച്ചു.

മതത്തിന്റെ പേരില്‍ മുസ് ലിംകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന പൗരത്വ ഭേദഗതി ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി ഒഴികേയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. വിവിധയിടങ്ങളില്‍ ആക്രമണവും അരങ്ങേറി.

Tags:    

Similar News