സിഎഎ വിരുദ്ധ പ്രക്ഷോഭം പുതിയ സ്വാതന്ത്ര്യസമരം: മേധാപട്കര്‍

'മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ കഴിയില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് നടക്കുന്ന പുതിയ സ്വാതന്ത്ര്യസമരമാണ്. ആര്‍എസ്എസ്സിനും ബിജെപിക്കും ഈ പോരാട്ടം അടിച്ചമര്‍ത്താനാവില്ല'. മേധാപട്കര്‍ പറഞ്ഞു.

Update: 2020-02-21 10:51 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങള്‍ രാജ്യത്ത് നടക്കുന്ന പുതിയ സ്വാതന്ത്ര്യസമരമാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക മേധാപട്കര്‍. ആര്‍എസ്എസ്സിനും ബിജിപിക്കും എതിരേ കടുത്ത ഭാഷയിലാണ് മേധാപട്കര്‍ വിമര്‍ശനം ഉന്നയിച്ചത്.

'മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാന്‍ കഴിയില്ല. സിഎഎ വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് നടക്കുന്ന പുതിയ സ്വാതന്ത്ര്യസമരമാണ്. ആര്‍എസ്എസ്സിനും ബിജെപിക്കും ഈ പോരാട്ടം അടിച്ചമര്‍ത്താനാവില്ല'. മേധാപട്കര്‍ പറഞ്ഞു.

'സ്വാതന്ത്ര്യ സമരത്തില്‍ മംഗല്‍ പാണ്ടേയും ഉബൈദുല്ലയും ഒരുമിച്ച് പോരാടി. യൂസഫ് മെഹറലിയാണ് ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റിന് ആഹ്വാനം ചെയ്തത്. പ്രതിഷേധിക്കുന്നവരോട് മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഇതുവരെ ആരും പറഞ്ഞിട്ടില്ല. എന്നാല്‍, ആര്‍എസ്എസ്സും ബിജെപിയും നമ്മോട് പാകിസ്താനിലേക്ക് പോകാനാണ് ഇപ്പോള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്'. മേധാപട്കര്‍ പറഞ്ഞു.

ജാതി-മത മൗലികവാദങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ എന്നും എതിര്‍ത്ത് തോല്‍പിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ സംവാദങ്ങള്‍ ആവശ്യമാണ്. പൗരത്വ പ്രക്ഷോഭങ്ങള്‍ ഏതെങ്കിലും പ്രത്യേക നേതാവിന്റേയോ നേതാക്കളുടേയോ നേതൃത്വത്തില്‍ നടക്കുന്നതല്ല. രാജ്യത്തിന്റെ വിവിധ യൂനിവേഴ്‌സിറ്റികളില്‍ നിന്നുള്ള യുവജനങ്ങളാണ് സമരം നയിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളാണ് സമരത്തിന്റെ മുഖ്യധാരയിലുള്ളത്. മേധാപട്കര്‍ പറഞ്ഞു.

Tags: