വെടിയുണ്ടകള്‍ കാണാതായ സംഭവം: സ്‌റ്റോക്ക് രജിസ്റ്ററിലെ വിവരങ്ങള്‍ ശേഖരിച്ചു; വെടിയുണ്ടകള്‍ ഇന്നെണ്ണും

ഇന്‍സാസ് തോക്കുകള്‍ പരിശോധിച്ചതുപോലെ വെടിയുണ്ടകളും പരിശോധിക്കും. വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ്എപി. അധികൃതരോട് നിര്‍ദേശിച്ചു.

Update: 2020-03-02 01:55 GMT

തിരുവനന്തപുരം: കേരള പോലിസിലെ വെടിയുണ്ടകളുടെ എണ്ണമറിയാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കണക്കെടുപ്പ് നടത്തും. ഇതിനു മുന്നോടിയായി ചീഫ് സ്‌റ്റോറില്‍നിന്ന് വെടിയുണ്ടകളുടെ സ്‌റ്റോക്ക് രജിസ്റ്റര്‍ അന്വേഷണസംഘം ശേഖരിച്ചു. ഇന്‍സാസ് തോക്കുകള്‍ പരിശോധിച്ചതുപോലെ വെടിയുണ്ടകളും പരിശോധിക്കും. വെടിയുണ്ടകള്‍ ഹാജരാക്കാന്‍ എസ്എപി. അധികൃതരോട് നിര്‍ദേശിച്ചു. സിഎജി റിപ്പോര്‍ട്ടിലും ആഭ്യന്തര കണക്കെടുപ്പിലും എണ്ണത്തില്‍ പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിശദമായി പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ നിര്‍ദേശംനല്‍കിയത്. രണ്ടുലക്ഷത്തോളം വെടിയുണ്ടകള്‍ പരിശോധിക്കും. വ്യാജ കാട്രിഡ്ജുകള്‍ കൂടുതലായി ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും.

പോലിസില്‍നിന്ന് 12,061 ഉണ്ടകള്‍ കാണാതായെന്ന സിഎജി. റിപോര്‍ട്ടിനെത്തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതേത്തുടര്‍ന്ന് എസ്എപി ക്യാംപില്‍ നടത്തിയ പരിശോധനയില്‍ വ്യാജ കാട്രിഡ്ജ് കണ്ടെത്തിയിരുന്നു. കൂടാതെ, എസ്എപിയുടെ ലോഗോ വെടിയുണ്ടകളുടെ ഒഴിഞ്ഞ കവര്‍ ഉരുക്കി നിര്‍മിച്ചതാണെന്ന അവകാശവാദവും ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് കേസിലെ 11 പ്രതികളിലൊരാളായ ആംഡ് പോലീസ് എസ്‌ഐയെ അറസ്റ്റുചെയ്തു. ക്യാംപില്‍ നേരത്തേ പ്രവര്‍ത്തിച്ച ഏഴ് ഇന്‍സ്‌പെക്ടര്‍മാരും അസിസ്റ്റന്റ് കമാന്‍ഡന്ററുമടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വരുംദിവസങ്ങളില്‍ നടപടിയുണ്ടായേക്കുമെന്നാണു സൂചന.

2014 കാലഘട്ടത്തില്‍ പേരൂര്‍ക്കട എസ്എപി. ക്യാംപിലുണ്ടായിരുന്ന ആംഡ് പോലിസ് ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാന്‍ഡന്റുമാരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. കാണാതായ വെടിയുണ്ടകള്‍ സംഘ അനുഭാവികളായ പോലിസ് ഓഫിസര്‍മാര്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് കൈമാറിയോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.

Tags:    

Similar News