ചാള്‍സ് രാജകുമാരന് കൊവിഡ് 19
കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 71കാരനായ ചാള്‍സ്, കൊറോണയുടെ ചെറിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും വീട്ടിലിരുന്ന് ജോലി തുടരുന്നുണ്ടെന്നും ക്ലാരന്‍സ് ഹൗസ് വക്താവ് അറിയിച്ചു.
ചാള്‍സ് രാജകുമാരന്റെ ഭാര്യ കാമിലയും കൊറോണ വൈറസ് ബാധ പരിശോധന നടത്തിയിരുന്നു. എന്നാല്‍ കാമിലയുടെ ഫലം നെഗറ്റീവാണ്. ചാള്‍സ് രാജകുമാരനും കാമിലയും നിലവില്‍ സ്കോട്ട്ലാന്‍ഡിലെ വസതിയില്‍ സെല്‍ഫ് ഐസൊലേഷനിലാണുള്ളത്. നേരത്തെ കൊട്ടാരം ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍നിന്ന് മാറ്റിയിരുന്നു. വിന്ഡ്സോര് കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയത്.
കൊവിഡ് ഭീതിയുടെ പ്രശ്ചാത്തലത്തില്‍ ലണ്ടനില്‍ നടന്ന ഒരു അവാര്‍ഡ് ഷോയില്‍ ചാള്‍സ് രാജകുമാരന് അതിഥികളെ കൈകള്‍ കൂപ്പി സ്വാഗതം ചെയ്തത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.വേദിയിലേക്ക് എത്തിയ ചാള്‍സ് രാജകുമാരന് കാറില്‍ നിന്നിറങ്ങി ആദ്യം പതിവ് പോലെ കൈ നീട്ടിയെങ്കിലും പെട്ടെന്ന് കൈവലിച്ചു. പിന്നെ കൈകൂപ്പുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവക്കപ്പെട്ടിരുന്നു.