ഭരണഘടനയെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ താഴെയിറക്കുക: പി അബ്ദുല്‍ മജീദ് ഫൈസി

Update: 2024-03-20 18:27 GMT
കോഴിക്കോട്: ഭരണഘടനയില്‍തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കണമെന്ന് എസ് ഡിപി ഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍മജീദ് ഫൈസി കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളോട് വോട്ട് തേടാന്‍ യാതൊരുവിധ ധാര്‍മിക അവകാശവും മോദിക്കും ബിജെപിക്കും ഇല്ലെന്ന് ഇലക്ടറല്‍ ബോണ്ട് വിഷയത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്. വൈകിയാണെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനെതിരേ രംഗത്തെത്തിയത് സ്വാഗതാര്‍ഹമാണ്. നേരത്തേ എസ് ഡിപി ഐ പോലുള്ള പാര്‍ട്ടികളാണ് ഇവിഎമ്മിനെതിരേ പ്രതിഷേധിച്ചിരുന്നത്. ഇവിഎം ആദ്യമായി കേരളത്തിലെ പറവൂരിലാണ് പരീക്ഷിച്ചത്. അതില്‍തന്നെ പരാജയവും സംശയവുമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പോലും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. സ്വതന്ത്രവും ജനങ്ങള്‍ക്ക് വിശ്വാസമുള്ളതുമായ ബോഡിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടതെന്നത് പോലും ഇല്ലാതാക്കിയിരിക്കുകയാണ്. ഭരണകക്ഷിക്ക് ഭൂരിപക്ഷമുള്ള സമിതിയായി തിരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റിയിരിക്കുകയാണ്. ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു മുന്നണി യാഥാര്‍ഥ്യമായിട്ടുണ്ട്. എന്നാല്‍, ഇടത്-വലത് മുന്നണികള്‍ അതിനെ ഗൗരവത്തില്‍ കാണുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അവരുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, പ്രായോഗിക രംഗത്ത് ജനങ്ങള്‍ക്ക് വിശ്വാസ്യത ഉണ്ടാക്കുന്ന നടപടികള്‍ ഉണ്ടാക്കുന്നില്ല. കേരളത്തില്‍പോലും ബിജെപി ലക്ഷ്യമിടുന്ന മണ്ഡലങ്ങളില്‍ പോലും യോജിച്ച തീരുമാനമെടുക്കാനാവുന്നില്ല. കേരളത്തില്‍ ബിജെപിയെ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തേക്കോ മാറ്റേണ്ടവര്‍ ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് മല്‍സരമെന്ന് പ്രചരിപ്പിക്കുന്നത് സംശയാസ്പദമാണ്. എസ് ഡിപി ഐ രാജ്യത്തെ 60ഓളം മണ്ഡലങ്ങളിലാണ് മല്‍സരിക്കുന്നത്. ഉത്തര്‍പ്രദേശ്-4, പശ്ചിമബംഗാള്‍-5, ജാര്‍ഖണ്ഡ്-2, ആന്ധ്രാപ്രദേശ്-1, ബിഹാര്‍-1 എന്നിങ്ങനെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

    പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ഹംസ എസ് ഡിപി ഐ പിന്തുണയോടെയാണ് മല്‍സരിക്കുന്നതെന്ന പ്രചാരണമുണ്ടല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, പല തിരഞ്ഞെടുപ്പുകളിലും പലരും അവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രചാരണം നടത്താറുണ്ടെന്നും കെ എസ് ഹംസയുമായോ ഏതെങ്കിലും സ്ഥാനാര്‍ഥിയുമായോ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ക്ക് പ്രസക്തിയില്ല. രാഷ്ട്രീയനിലപാടാണ് പ്രധാനം. രാഹുല്‍ ഗാന്ധിയാണോ പ്രധാനമന്ത്രിയാവേണ്ടത് എന്നതെല്ലാം അവരുടെ മുന്നണിയും പാര്‍ട്ടിയുമാണ് തീരുമാനിക്കേണ്ടത്. എന്തായാലും ബിജെപി മാറിയാലേ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ. ഉവൈസിയുടെ സാന്നിധ്യം ബിജെപിയെ സഹായിക്കുന്നുവെന്നത് വ്യാജപ്രചാരണമാണ്. ഉവൈസിയുടെ പാര്‍ട്ടിയെ ഇന്‍ഡ്യ മുന്നണിയിലെടുക്കാതെ അവര്‍ മല്‍സരിക്കുമ്പോള്‍ വോട്ട് ഭിന്നിപ്പിക്കുന്നുവെന്ന് പറയുന്നത് പരിഹാസ്യമാണ്. എസ് ഡിപി ഐ മല്‍സരിക്കുമ്പോഴും ഇത്തരം അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ അതിന് തടയിടുക എന്നത് തന്നെയാണ് എക്കാലത്തെയും പാര്‍ട്ടി നിലപാട്. കേരളത്തില്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കാണാനാവില്ല. കേരളത്തില്‍ ന്യൂനപക്ഷം അസ്വസ്ഥരാണ്. പ്രത്യേകിച്ച് ആഭ്യന്തര വകുപ്പില്‍. പൂഞ്ഞാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി ഒരുവിഭാഗത്തെ അടച്ചാക്ഷേപിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് മുസ് ലിം ജനവിഭാഗത്തിനിടയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. സിഎഎ വിഷയത്തില്‍ വായാടിത്തമല്ല വേണ്ടത്. സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രേമം ആത്മാര്‍ഥമല്ല. സാമ്പത്തിക സംവരണത്തില്‍ ഉള്‍പ്പെടെ ഇത് പ്രകടമാണ്. ദേശീയതലത്തില്‍ സിപിഎം, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് വലിയ റോളുകളില്ല. എന്നാല്‍, ഇന്‍ഡ്യ മുന്നണി എന്ന നിലയിലാണ് അല്‍പ്പം പ്രതീക്ഷ കൈവന്നത്. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടിയോ മുന്നണിയോ നോക്കാതെയാണ് പിന്തുണ പ്രഖ്യാപിക്കാറുള്ളതെന്നും പി അബ്ദുല്‍ മജീദ് ഫൈസി വ്യക്തമാക്കി. എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ സഖാഫി, ജില്ലാ കമ്മിറ്റിയംഗം അബ്ദുല്‍ ഖയ്യൂം സംബന്ധിച്ചു.

Tags:    

Similar News