കണ്ണവത്ത് ബോംബ് ശേഖരവും ചാലക്കുന്നില്‍ സ്‌ഫോടക വസ്തുക്കളും പിടികൂടി
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച 200 കിലോയോളം വരുന്ന സ്‌ഫോടകവസ്തുക്കളാണു പിടികൂടിയത്.
കണ്ണൂര്‍: ജില്ലയിലെ രണ്ടിടത്ത് നിന്നു സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കണ്ണവം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കണ്ണാടിച്ചാല്‍ പൂവ്വത്തൂര്‍ ന്യൂ എല്‍പി സ്‌കൂളിനു സമീപത്തു നിന്നാണ് ബക്കറ്റില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 9 നാടന്‍ ബോംബുകള്‍ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണവം എസ്‌ഐ പ്രശോഭിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. പുതുതായി നിര്‍മിച്ച ബോംബുകളാണിതെന്ന് പോലിസ് പറഞ്ഞു. ബോംബുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജെപി-കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശമാണിത്.
കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച 200 കിലോയോളം വരുന്ന സ്‌ഫോടകവസ്തുക്കളാണു പിടികൂടിയത്. കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനുള്ളിലും കെട്ടിടത്തിലുമായാണ് അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവ സൂക്ഷിച്ചിരുന്നത്. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ പടക്കനിര്‍മാണത്തിനായി സൂക്ഷിച്ചവയാണെന്നാണ് പോലിസ് നിഗമനം. 2017ല്‍ പള്ളിക്കുന്നില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്നിരുന്നു. ഇദ്ദേഹമാണ് ഇപ്പോഴത്തെ സ്‌ഫോടക വസ്തു ശേഖരത്തിനും പിന്നിലെന്നാണ് പോലിസ് സംശയിക്കുന്നത്.
