മുസ് ലിം പേരില്‍ വ്യാജ ഐഡിയുണ്ടാക്കി രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; നിര്‍ദേശം നല്‍കിയത് ഗോരക്ഷാ സംഘടനയുടെ നേതാവ്

Update: 2024-01-04 09:27 GMT

ലഖ്‌നോ: മുസ് ലിം പേരില്‍ വ്യാജ ഇമെയില്‍ ഐഡിയുണ്ടാക്കി രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ഗോ സേവാ പരിഷത്ത് നേതാവ് ദേവേന്ദ്ര തിവാരി. കേസില്‍ അറസ്റ്റിലായ യുപി ലഖ്‌നോ ഗോമതി നഗറിലെ വിഭൂതി ഖണ്ഡിലെ തഹര്‍ സിങ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് ഇതുസംബന്ധിച്ച മൊഴി നല്‍കിയത്. പശുസംരക്ഷണത്തിന് സന്നദ്ധ സംഘടന നടത്തുന്ന ദേവേന്ദ്ര തിവാരിയാണ് ബോംബ് ഭീഷണിക്കു പിന്നില്‍. ഭാരതീയ കിസാന്‍ മഞ്ച്, ഭാരതീയ ഗോ സേവാ പരിഷത്ത് എന്നീ സംഘടനകള്‍ നടത്തുന്ന ദേവേന്ദ്ര തിവാരിയുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രതികള്‍ പറഞ്ഞതെന്ന് എസ്ടിഎഫ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് പ്രമേഷ് കുമാര്‍ ശുക്ല പറഞ്ഞു.

    ദേവേന്ദ്ര തിവാരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നയാളാണ് പിടിയിലായ തഹര്‍ സിങ്. ഒപ്‌റ്റോമെട്രിയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ മറ്റൊരു പ്രതി ഓം പ്രകാശ് മിശ്ര തിവാരിയുടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് കോളജിലെ ജീവനക്കാരനും പേഴ്‌സണല്‍ സെക്രട്ടറിയുമാണ്. മാധ്യമശ്രദ്ധയും രാഷ്ട്രീയ സ്വാധീനവും നേടാന്‍ വേണ്ടിയാണ് ദേവേന്ദ്ര തിവാരി ഇത് ചെയ്തതെന്നാണ് പോലിസ് പറയുന്നത്. ഇയാളഉടെ ഓഫിസിലെ വൈഫൈയില്‍നിന്നാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ചത്. ഇമെയിലുകള്‍ അയച്ച ശേഷം മൊബൈല്‍ ഫോണുകള്‍ തിവാരി പറഞ്ഞതനുസരിച്ച് നശിപ്പിച്ചതായും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

  Shares an Image of him meeting CM Yogi Adityanath and assuring full support to BJP in Assembly election 2022. pic.twitter.com/56W62xOM4b

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്ടിഎഫ് മേധാവി അമിതാഭ് യാഷ് എന്നിവരെ സ്‌ഫോടനത്തിലൂടെ വധിക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറില്‍ '@iDevendraOffice' എന്ന ഹാന്‍ഡില്‍ ഉപയോഗിച്ച് 'എക്‌സിലൂടെയാണ് ഭീഷണി പോസ്റ്റ് ചെയ്തത്. ആലം അന്‍സാരി(alamansarikhan608@gmail.com), സുബൈര്‍ ഖാന്‍ ഐഎസ് ഐ(zubairkhanisi199@gmail.com) എന്നീ ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. ഇമെയില്‍ ഐഡി പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തഹര്‍ സിങാണ് ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതെന്നും ഓംപ്രകാശ് മിശ്രയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതെന്നും കണ്ടെത്തി. ഇ-മെയില്‍ ഐഡികള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച വിവോ ടി2, സാംസങ് ഗ്യാലക്‌സി എ3 മൊബൈല്‍ ഫോണുകള്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇമെയിലുകള്‍ അയച്ച സ്ഥലത്തെ സിസിടിവി കാമറ ദൃശ്യങ്ങള്‍, വൈഫൈ റൂട്ടര്‍ എന്നിവയും പിടിച്ചെടുത്തു. പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയിലെ ഉദ്യോഗസ്ഥന്‍ സുബൈര്‍ ഖാന്‍ എന്ന വ്യാജേനയാണ് ഇമെയിലുകള്‍ തയ്യാറാക്കിയതെന്ന് പോലിസ് വ്യക്തമാക്കി. ഭാരതീയ കിസാന്‍ മഞ്ച് എന്ന തന്റെ സംഘടനയ്ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്‌തെന്നു കാണിച്ച്, യോഗിക്ക് നിവേദനം നല്‍കിയപ്പോഴുള്ള ചിത്രങ്ങളും ഇയാള്‍ പങ്കുവച്ചിരുന്നു.

Tags:    

Similar News