ബോംബ് നിര്‍മാണത്തിനിടെ വീട്ടില്‍ സ്‌ഫോടനം: ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

കാങ്കോല്‍ ആലക്കാട്ടെ ബിജുവിനെയാണ് പെരിങ്ങോം പോലിസ് അറസ്റ്റു ചെയ്തത്.

Update: 2022-02-02 19:08 GMT

പെരിങ്ങോം: സ്വന്തം വീട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച സംഭവത്തില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കാങ്കോല്‍ ആലക്കാട്ടെ ബിജുവിനെയാണ് പെരിങ്ങോം പോലിസ് അറസ്റ്റു ചെയ്തത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്നു. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനു പിറകെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ജനുവരി 29ന് പകല്‍ വീട്ടിലുണ്ടായ ഉഗ്രസ്‌ഫോടനത്തെത്തുടര്‍ന്ന് ബിജുവിന്റെ കൈവിരലുകള്‍ അറ്റുപോയിരുന്നു.

സ്‌ഫോടനം നടന്നതറിഞ്ഞ് പെരിങ്ങോം പോലിസ് ഇന്‍സ്‌പെക്ടര്‍ പി സുഭാഷ്, എസ്‌ഐ വി യദുകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തില്‍ പരിക്കേറ്റ ബിജുവിനെ ഒരു വാഹനത്തിലെത്തിയവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും പോലിസിന് സൂചന ലഭിച്ചു.

തുടര്‍ന്നു ഞായറാഴ്ച ഫോറന്‍സിക് വിദഗ്ധന്റെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബോംബ് നിര്‍മാണ സാമഗ്രികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സ്‌ഫോടകവസ്തുക്കള്‍ അനധികൃതമായി കൈകാര്യം ചെയ്തതിനാണ് ബിജുവിനെതിരെ കേസെടുത്തത്. പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസില്‍ മുഖ്യപ്രതിയാണ് ഇയാള്‍.

നേരത്തേയും ഇയാളുടെ വീട്ടില്‍ സ്‌ഫോടനങ്ങള്‍ അരങ്ങേറിയിരുന്നു. എന്നാല്‍, സംഭവം ആഴത്തില്‍ അന്വേഷിക്കാനോ ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കാനോ പോലിസ് തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Tags:    

Similar News