ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ: ഇന്ത്യന്‍ അംബസാഡറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ച് ഖത്തര്‍

Update: 2022-06-05 14:02 GMT

ദോഹ: ഇന്ത്യയില്‍ ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവുമായി ഖത്തര്‍. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ഔദ്യോഗിക സന്ദര്‍ശനവേളയിലാണ് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ വിളിച്ചു വരുത്തി ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ ഭരണകക്ഷിയായ ബിജെപി വക്താക്കളുടെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യന്‍ അംബാസഡര്‍ക്ക് കൈമാറുകയും ചെയ്തു.

അതേസമയം, പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിച്ച തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍, ലോക മുസ്‌ലിംകളെ വേദനിപ്പിച്ച പ്രസ്താവന നടത്തിയതിന് പരസ്യക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ ഖത്തര്‍ വിശദീകരിച്ചു.

ബിജെപി വക്താവ് നൂപൂര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ അറബ് രാജ്യങ്ങളില്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. ഒമാനിലെ ഗ്രാന്‍ഡ് മുഫ്തിയും പ്രമുഖ പണ്ഡിതനും ട്വിറ്റര്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഷെയ്ഖ് അല്‍ ഖലീലിയും ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബഹിഷ്‌കരണ ട്വീറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാചക നിന്ദക്കെതിരേ സൗദി, കുവൈത്ത്, യുഎഇ, ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൗര പ്രമുഖരുടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. കുവൈത്ത് എംപിമാര്‍ ഉള്‍പ്പടെ രൂക്ഷമായ ഭാഷയില്‍ ബിജെപിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

വിഷയം വലിയ വിവാദമായതോടെ ബിജെപി വിശദീകരണവുമായി രംഗത്തെത്തി. ഒരു മതത്തെയും അവഹേളിക്കുകയോ, ഒരു മതനേതാവിനെയോ വിശ്വാസിസമൂഹം ആരാധിക്കുന്ന വ്യക്തികളെയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുന്ന പ്രസ്താവനകളെ അംഗീകരിക്കുന്നില്ലെന്ന് ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുണ്‍ സിംഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഈ പ്രസ്താവന. യുപി ബിജെപി വക്താവ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകനായ നബിക്കെതിരെ നടത്തിയ പ്രസ്താവന ഏറെ വിവാദമായ സാഹചര്യത്തിലാണ് ബിജെപി വാര്‍ത്താക്കുറിപ്പിറക്കിയിരിക്കുന്നത്. എന്നാല്‍, ബിജെപി വക്താവ് നൂപുര്‍ ശര്‍മയുടെ വിവാദപ്രസ്താവനയെക്കുറിച്ച് ബിജെപി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഒന്നും പറയുന്നില്ല എന്നതാണ് ശ്രദ്ധേയം.

'ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി മതങ്ങള്‍ പുലരുകയും വളരുകയും ചെയ്തിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും മാനിക്കുന്നു. ഏതെങ്കിലും മതവ്യക്തികളെയോ ആരാധിക്കപ്പെടുന്നവരെയോ മതത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പ്രസ്താവനകളും ബിജെപി അംഗീകരിക്കുന്നില്ല'', ബിജെപി പ്രസ്താവന പറയുന്നു.

'ഇന്ത്യയുടെ ഭരണഘടന ഓരോ പൗരനും ഇഷ്ടമുള്ള ഏത് മതവും ആചരിക്കാനും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും ബഹുമാനിക്കാനും അവകാശം നല്‍കുന്നു,' അദ്ദേഹം പറഞ്ഞു.

'ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, എല്ലാവരും തുല്യരും എല്ലാവരും അന്തസ്സോടെ ജീവിക്കുന്നവരുമായ, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിജ്ഞാബദ്ധരായ, വളര്‍ച്ചയുടെയും വികസനത്തിന്റെയും ഫലങ്ങള്‍ എല്ലാവരും ആസ്വദിക്കുന്ന മഹത്തായ രാജ്യമായി ഇന്ത്യയെ മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' ബിജെപി നേതാവ് പറഞ്ഞു.

Tags:    

Similar News