മുഖ്യമന്ത്രിക്കെതിരേ വിമാനത്തിനുള്ളിലും കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ്സുകാരെ തള്ളിവീഴ്ത്തി ഇ പി ജയരാജന്‍ (വീഡിയോ)

Update: 2022-06-13 12:47 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് ഒപ്പം കയറിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കറുത്ത വസ്ത്രം ധരിച്ചും കരിങ്കൊടി കാട്ടിയും പ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് വിമാനത്തിനുള്ളില്‍ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തള്ളിവീഴ്ത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധിച്ചവരെ അദ്ദേഹം പിടിച്ചുതള്ളുന്ന ദൃശ്യത്തില്‍നിന്ന് വ്യക്തമാണ്.

Full View

യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി നവീന്‍കുമാര്‍, മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍ദീന്‍ മജീദ് തുടങ്ങിയവരാണ് വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം കയറിയത്. കണ്ണൂരില്‍ നിന്നും ഇരുവരും കയറിയപ്പോള്‍തന്നെ സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. കറുപ്പ് വേഷം അണിഞ്ഞ ഇവരെ ചോദ്യം ചെയ്ത ശേഷമാണ് യാത്ര ചെയ്യാന്‍ അനുവദിച്ചത്. ആര്‍സിസിയില്‍ രോഗിയെ സന്ദര്‍ശിക്കാന്‍ പോകുന്നുവെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. യാത്രാ രേഖകളും കൃത്യമായിരുന്നതിനാല്‍ അധികൃതര്‍ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു. പിന്നീട് വിമാനത്തിനുള്ളില്‍ പ്രവേശിച്ച ശേഷമാണ് പ്രതിഷേധമുണ്ടായത്.

പ്രതിഷേധക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്‌തേക്കും. മദ്യപിച്ചാണ് ഇവരെത്തിയതെന്നും കള്ളും കുടിച്ചിട്ട് ഭീകരപ്രവര്‍ത്തനം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസുകാരെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. ഇവരെ പിടിച്ചുമാറ്റിയത് താന്‍ തന്നെയാണെന്നും അദ്ദേഹം സ്വകാര്യചാനലിനോട് സമ്മതിക്കുന്നുണ്ട്.

അതേസമയം, സുരക്ഷാകാര്യത്തില്‍ പോലിസിന് കനത്ത വീഴ്ചപറ്റിയെന്നാണ് വിലയിരുത്തല്‍. മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. വൈകീട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തി. തിരുവനന്തപുരത്തും വന്‍സുരക്ഷയാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം എയര്‍പോര്‍ട്ട് മുതല്‍ ക്ലിഫ് ഹൗസ് വരെ പോലിസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Tags: