ബിജെപിയുടെ കലാപാഹ്വാന റാലി; യൂത്ത് ലീഗും ഡിവൈഎഫ് ഐയും പോലിസില്‍ പരാതി നല്‍കി

Update: 2020-01-14 14:45 GMT

കോഴിക്കോട്: കുറ്റിയാടിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി നടത്തിയ റാലിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും ഡിവൈഎഫ് ഐയും പോലിസില്‍ പരാതി നല്‍കി. 'ഓര്‍മയില്ലേ ഗുജറാത്ത്', തന്തയില്ലാ ചെറ്റകളേ, ഉമ്മപ്പാല് കുടിച്ചില്ലെങ്കില്‍, ഇറങ്ങി വാടാ പട്ടികളേ...' എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ബിജെപി മാര്‍ച്ച് നടത്തിയത്. ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പോടെയുള്ള പ്രകടനത്തിന്റെ വീഡിയോയും ഓഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെയാണ് യുവജന സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയത്. പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായി ബിജെപി കുറ്റിയാടിയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചപ്പോള്‍ ടൗണിലെ ഭൂരിഭാഗം കടകളും അടച്ചിരുന്നു. ഇതിനു പിന്നാലെ നടന്ന റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. എന്നാല്‍ റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ സംബന്ധിച്ച് സ്ഥലം സിഐയോട് വിവരങ്ങള്‍ തേടിയ അഭിഭാഷകനോട് ഇതേക്കുറിച്ച് അറിയില്ലെന്നായിരുന്നു പോലിസിന്റെ മറുപടി.

   


വടകര റൂറല്‍ എസ്പിക്കാണ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി നജീബ് കാന്തപുരം പരാതി നല്‍കിയത്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, വര്‍ഗീയ കലാപമുണ്ടാക്കല്‍, കൊലവിളി, മത സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങി യുഎപിഎ ചുമത്താന്‍ വേണ്ടത്ര തെളിവുകളുണ്ടെന്നും പ്രകടനത്തിന്റെ വീഡിയോ ക്ലിപ്പ് ഉള്‍പ്പെടെ തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയതെന്നും നേതാക്കള്‍ അറിയിച്ചു. കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ജനറല്‍ സെക്രട്ടറി കെ കെ നവാസ്, ഖജാഞ്ചി പി പി റഷീദ്, എം ഫൈസല്‍, എസ് എം അബ്ദുല്‍ ബാസിത് എന്നിവരും കൂടെയുണ്ടായിരുന്നു.

   



സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഡിവൈഎഫ് ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മറ്റി കുറ്റിയാടി പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമമെന്ന നിലയില്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തരമായി കേസെടുത്ത് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.




Tags:    

Similar News