ബിജെപിയുടെ നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ: കാണ്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷം

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും കൂടുതല്‍ സേനയെ വിന്യസിച്ചതായും ക്രമസമാധാന വകുപ്പ് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു.

Update: 2022-06-04 01:34 GMT

കാണ്‍പൂര്‍: ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദില്‍ കടകള്‍ അടച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാണ്‍പൂരില്‍ വര്‍ഗീയ സംഘര്‍ഷം. വാഹനങ്ങള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായും കൂടുതല്‍ സേനയെ വിന്യസിച്ചതായും ക്രമസമാധാന വകുപ്പ് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു.

സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഇതുവരെ 17 പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. 'പ്രാരംഭ സംഘര്‍ഷങ്ങള്‍ക്കു ശേഷം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി കാണ്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് നേഹ ശര്‍മ്മ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയുടെ അപകീര്‍ത്തികരമായ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബീഗംഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നയ് സഡക്കില്‍ മുസ്‌ലിംകളുടെ പ്രാദേശിക അസോസിയേഷന്‍ പ്രസിഡന്റ് സഫര്‍ ഹയാത്ത് ഹാഷ്മി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

ഇദ്ദേഹത്തിന്റെ ആഹ്വാനത്തെ പിന്തുണച്ച് കാണ്‍പൂരില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ കടകള്‍ അടച്ച് നൂറുകണക്കിന് പേര്‍ നൂപുര്‍ ശര്‍മ്മയ്‌ക്കെതിരേ പ്രതിഷേധവുമായി സമാധാനപരമായി ഒത്തുകൂടി. കടകള്‍ അടച്ചിടുന്നതിനെ അനുകൂലിക്കാത്ത ഇതര സമുദായം ബന്ദിനെതിരെ പ്രതിഷേധിക്കുകയും അക്രമണം അഴിച്ചുവിടുകയും ചെയ്തതോടെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്.

ജുമുഅ നമസ്‌കാരത്തിന് ശേഷമുണ്ടായ സംഘര്‍ഷങ്ങള്‍ക്കു ശേഷം 25 പോലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സേനയും സ്ഥലത്തെത്തി.

Tags:    

Similar News